കൊച്ചി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലെ പ്രതിയായ സരിത്തിന് ജയിലിൽ ഭീഷണിയെന്ന പരാതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയിലാണ് സരിത് മൊഴി നൽകിയത്. സ്വര്‍ണ്ണക്കടത്ത് കേസിൽ ഉന്നതരുടെ പേരുകൾ പറയിക്കാൻ ജയിൽ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നെന്നാണ് ആരോപണം.
നേരത്തെ എൻഐഎ കോടതിയിലും സരിത് സമാന ഹർജി നൽകിയിരുന്നു. എൻഐഎ കോടതിയിൽ നൽകിയ മൊഴി തന്നെയാണെങ്കിൽ വീണ്ടും രഹസ്യമൊഴി നൽകേണ്ടതുണ്ടോ എന്ന് കോടതി സരിത്തിനോട് ചോദിച്ചു.
എന്നാൽ, കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്ന് അഭിഭാഷകൻ മുഖേന സരിത് അറിയിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും രഹസ്യമൊഴി എടുത്തത്. എൻഐഎ കോടതി 23 നും, കസ്റ്റംസ് കോടതി ആഗസ്റ്റ് 3 നും സരിത്തിന്റെ പരാതി പരിഗണിക്കും.