ടോക്യോ: ഒളിമ്പിക്സ് വില്ലേജില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക ഉയര്‍ത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു വിദേശ ഒഫീഷ്യലിനും രണ്ട് അത്ലറ്റുകള്‍ക്കും കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ മറ്റ് രണ്ട് താരങ്ങള്‍ കൂടി കൊറോണ പോസിറ്റീവ് ആയതായി സംഘാടകര്‍ വ്യക്തമാക്കി.
ദിവസേനയുള്ള പരിശോധനയിലാണ് കൂടുതല്‍ പേര് കൊറോണ പോസിറ്റീവായി കണ്ടെത്തുന്നത്. ചെക്ക് റിപ്പബ്ലിക്കിന്റ വോളിബോള്‍ താരം ഒന്‍ഡ്രെജ് പെരുസിചിന് പിന്നാലെ ഒരു അമേരിക്കന്‍ ജിംനാസ്റ്റിക്സ് താരത്തിനുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ചെക്ക് താരത്തിന്റെ ഫലം വന്ന് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോഴാണ് പുതിയ കേസും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പെരുസിച്ച് കൊറോണ പോസിറ്റീവ് ആയതായി ചെക്ക് ഒളിമ്പിക് മേധാവി മാര്ട്ടിന് ഡക്ടറാണ് അറിയിച്ചത്. കൊറോണ ലക്ഷണങ്ങള്‍ ഇദ്ദേഹത്തില്‍ പ്രകടമല്ലെന്നും ചെക്ക് മേധാവി വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുഎസ് ജിംനാസ്റ്റിക്സ് താരത്തിനും കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഒളിമ്പിക്സ് വില്ലേജില്‍ കൊറോണ സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ താരമായി മാറി ഇവര്‍. നിലവില്‍ വിവിധ രാജ്യങ്ങളിലെ 6,700 താരങ്ങളും മറ്റ് ഒഫീഷ്യല്‍സുമാണ് ഒളിമ്പിക് വില്ലേജില്‍ താമസിക്കുന്നത്.