ന്യൂഡെൽഹി: രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, ടിഎംസി നേതാവ് അഭിഷേക് ബാനർജി എന്നിവരും പെഗാസസ് ഫോൺ ചോർത്തലിന് ഇരയായി. പെഗാസസ് സ്‌പൈവെയർ ഉപയോഗിച്ച് ചോർത്തപ്പെട്ട ഫോണുകളുടെ വിശദാംശങ്ങൾ പുറത്ത് വന്നപ്പോഴാണ് ഇവരും പട്ടികയിൽ ഇടം പിടിച്ചത്.
രാഹുൽഗാന്ധി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകൾ ലക്ഷ്യം വെച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ നടന്ന് വരുന്ന സമയത്ത്, 2018-19 കാലഘട്ടത്തിലാണ് രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയത്. രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷനായിരുന്നു അന്ന്. ഈ സമയത്ത് തന്നെയാണ് പ്രിയങ്കാ ഗാന്ധിയുടെ ഫോണും ചോർത്തിയത്. ആ സമയത്ത് പ്രിയങ്കാ ഗാന്ധിക്ക് ഫോൺ ചോർത്തപ്പെട്ടുവെന്ന അലേർട്ട് മെസേജ് വന്നിരുന്നു. അന്നത് വിവാദമായിരുന്നു.
രാഹുൽ ഗാന്ധിയുമായി വ്യക്തിപരമായി ബന്ധമുള്ള അഞ്ച് പേരുടെ ഫോണും ചോർത്തപ്പെട്ടിട്ടുണ്ട്. രാഹുലിനും പ്രിയങ്കയ്ക്കും പുറമെ, അന്നത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക ലവാസ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് സിങ് പട്ടേൽ, വസുന്ധര രാജെ സിന്ധ്യയുടെ പ്രൈവറ്റ് സെക്രട്ടറി സഞ്ജയ് കച്ച്‌റൂ, പ്രവീൺ തോഗാഡിയ, സഭയിൽ വിശദീകരണം നൽകിയ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ ഫോണും ചോർത്തിയിട്ടുണ്ട്.
മുൻ സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, രഞ്ജൻ ഗോഗോയ്‌ക്കെതിരെ ആരോപണമുന്നയിച്ച യുവതിയുടെ മൂന്ന് മൊബൈൽ ഫോണുകളും ചോർത്തി. യുവതിയുടെ കുടുംബത്തിലെ 11 പേരുടെ മൊബൈലുകൾ ചോർത്തിയിട്ടുണ്ട്.
ഇന്നലെയാണ് ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നത്. ഫോൺചോർത്തൽ കേന്ദ്രസർക്കാർ അറിവോടെ ആണെന്ന വാർത്ത ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. എന്നാൽ വാർത്ത തള്ളി കേന്ദ്രം രംഗത്തെത്തി. ആരോപണങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.
ആദ്യ ഘട്ടത്തിൽ, ഫോൺ ചോർത്തപ്പെട്ട മാധ്യമപ്രവർത്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടേയും പേര് വിവരങ്ങൾ പുറത്ത് വന്നിരുന്നു.രോഹിണി സിംഗ് ഫോൺ ചേർത്തപ്പെട്ട മാധ്യമപ്രവർത്തകരുടെ പട്ടികയിൽ ഉണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായുടെ സ്വത്തിലും വരുമാനത്തിലുമുണ്ടായ അനധികൃത വർധനവിനെക്കുറിച്ചുള്ള ആരോപണം റിപ്പോർട്ട് ചെയ്തത് രോഹിണി സിംഗ് എന്ന മാധ്യമപ്രവർത്തകയായിരുന്നു.
ദി വയറിന് വേണ്ടി ആയിരുന്നു രോഹിണിയുടെ അന്വേഷണം. റഫാൽ കരാർ സംബന്ധിച്ച് 2018 ൽ നിരന്തരം വാർത്തകൾ റിപ്പോർട്ട് ചെയ്ത ഇന്ത്യൻ എക്‌സ്പ്രസിന്റെ ഭാഗമായ സുശാന്ത് സിംഗിന്റെയും ഫോൺ ചോർത്തപ്പെട്ടു. ഫോൺ ചോർത്തപ്പെട്ട മാധ്യമ പ്രവർത്തകരുടെ പട്ടികയിലുള്ള മറ്റ് മാധ്യമ പ്രവർത്തകരും സർക്കാരിനെതിരായി സുപ്രധാന വാർത്തകൾ പുറത്തുവിട്ടവരാണ്. കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, മാധ്യമ പ്രവർത്തകർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങി 300ഓളം പേരുടെ ഫോൺ ഇസ്രായേൽ കമ്പനി ചോർത്തിയെന്ന് വെളിപ്പെടുത്തൽ.