ഉദര ശസ്ത്രക്രിയയ്ക്കായി കര്‍ഷകന്‍ പണം സ്വരുക്കൂട്ടി; രണ്ട് ലക്ഷം രൂപ എലികള്‍ കരണ്ട് നശിപ്പിച്ചു

ഹൈദരാബാദ്: കീറിയ നോട്ടുകളുമായി നില്‍ക്കുന്ന കര്‍ഷകന്റെ ചിത്രങ്ങള്‍ ആരെയും വേദനിപ്പിക്കും. സ്വന്തം ശസ്ത്രക്രിയയ്ക്കായി കരുതിവച്ചിരുന്ന കര്‍ഷകൻ്റെ രണ്ട് ലക്ഷം രൂപയാണ് എലികള്‍ കണ്ട് നശിപ്പിച്ചത്. തെലങ്കാനയിലെ മഹാബൂബാദ് ജില്ലയിലാണ് സംഭവം. ഉദര ശസ്ത്രക്രിയയ്ക്കായി റെഡ്യ നായിക്ക് എന്ന കര്‍ഷകന്‍ കരുതി വച്ചിരുന്ന പണമാണ് എലികള്‍ കരണ്ട് നശിപ്പിച്ചത്. ഓപ്പറേഷനായി നാട്ടുകാരും ബന്ധുക്കളും സംഭാവന ചെയ്ത തുകയും ഇവയില്‍ ഉണ്ട്.

അഞ്ഞൂറിൻ്റെ നോട്ടുകെട്ടുകളാക്കി പ്ലാസ്റ്റിക്ക് കവറില്‍ സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നു. പല ബാങ്കുകളും കയറി ഇറങ്ങിയെങ്കിലും ആരും നോട്ട് മാറ്റി നല്‍കാന്‍ തയ്യാറായിട്ടില്ല. നോട്ടുകളുടെ നമ്പറുകള്‍ പൂര്‍ണമായും നശിച്ചു പോയതിനാലാണ് ഇതെന്ന് അധികൃതര്‍ പറയുന്നു.

വയറ്റിൽ വളരുന്ന മുഴ ഓപ്പറേഷനിലൂടെ കളയാനാണ് ഇദ്ദേഹം പണം സമ്പാദിച്ചത്. നാലുലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാല്‍ എലി നശിപ്പിച്ച നോട്ടുകളുമായി കർഷകർ റിസർവ് ബാങ്കിനെ നേരിട്ട് സമീപിക്കാനാണ് അധികൃതർ നൽകിയ നിർദ്ദേശം.