കോഴിക്കോട് മൂന്ന് വ്യവസായികൾക്ക് മാവോവാദികളുടെ പേരിൽ ഭീഷണിക്കത്ത്

കോഴിക്കോട്: മൂന്ന് വ്യവസായികൾ മൂന്നുകോടി രൂപ വീതം നൽകിയില്ലെങ്കിൽ കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്ന മാവോവാദികളുടെ ഭീഷണിയിൽ അന്വേഷണം. വ്യവസായികൾക്ക് മാവോവാദികളുടെ പേരിൽ ഭീഷണിക്കത്ത് അയച്ചതുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് പാറോപ്പടി സ്വദേശിയുടെ വീട്ടിലും കക്കോടിയിലെ ബന്ധുവീടുകളിലും പോലീസ് ഞായറാഴ്ച പരിശോധന നടത്തി.

അഞ്ചിടങ്ങളിലായി നടന്ന പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട ചില രേഖകൾ കണ്ടെടുത്തതായി അന്വേഷണോദ്യോഗസ്ഥർ വ്യക്തമാക്കി. കത്തിലെ കൈയക്ഷരം ഒരാളുടേത് തന്നെയാണോയെന്ന് പരിശോധിക്കും. വെള്ളിയാഴ്ച നടന്ന സിസിടിവി പരിശോധനയിൽ ഇയാളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അന്വേഷണോദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു.

ഇയാൾ പോസ്റ്റ് ഓഫീസിലേക്ക്‌ കാറിലാണ് വന്നതെന്ന് വ്യക്തമായിട്ടുണ്ട്. സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടിപി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പരിശോധന നടത്തിയത്.