കോഴിക്കോട്: കൊറോണ പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കോഴിക്കോട് മിഠായിത്തെരുവില്‍ 70 കേസുകളെടുത്ത് പൊലീസ്. 56 വ്യക്തികള്‍ക്കെതിരെയും 14 കടകള്‍ക്കെതിരെയുമാണ് കേസെടുത്തത്. ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ലോക്ഡൗൺ ഇളവുകള്‍ നിലവില്‍ വന്നതിനു പിന്നാലെയാണ് പൊലീസ് നടപടി.
മിഠായിത്തെരുവിൽ ഇളവില്ലാത്ത ട്രിപ്പിള്‍ ലോക്ഡൗണുള്ള ഡി പ്രദേശങ്ങളിലെ കടകള്‍ നാളെ തുറക്കാം. അതേസമയം ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിനെച്ചൊല്ലി കോഴിക്കോട്ട് പൊലിസും വ്യാപാരികളും രണ്ടു തട്ടിലാണ്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വിട്ടുവീഴ്ച്ച ഉണ്ടാകില്ലെന്നും വ്യക്തമാക്കിയ പൊലിസ് ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നും ആവര്‍ത്തിച്ചു.
അപ്രായോഗിക നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തുറന്നടിച്ചു. ടിപിആര്‍ 15ന് താഴെയുള്ള പ്രദേശങ്ങളിലെ കടകളാണ് തുറന്നത്. ആവശ്യസാധനങ്ങള്‍ക്ക് പുറമേ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക്സ്, ഫാന്‍സി സ്വര്‍ണക്കട എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.
മൂന്നു ദിവസത്തെ ഇളവുള്ളതിനാല്‍ കഴിഞ്ഞ ദിവസം കണ്ടതുപോലുളള തിരക്ക് കോഴിക്കോട് മിഠായിത്തെരുവില്‍ ഉണ്ടായില്ല. മിഠായിത്തെരുവിന് പുറമേ നഗരത്തിലെ മറ്റിടങ്ങളിലും തിരക്കുണ്ട്. റോഡില്‍ വാഹനതിരക്ക് ഏറിയിട്ടുണ്ടെങ്കിലും ഗതാഗത കുരുക്ക് അനുഭവപ്പെട്ടിട്ടില്ല. തിരുവനന്തപുരം നഗരത്തില്‍ വലിയ തിരക്കില്ല.
കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കൊച്ചി ബ്രോഡ് വേ മാര്‍ക്കറ്റ് അടക്കമുള്ളവ തുറന്നത്. എന്നാല്‍ വഴിയോര കച്ചവടക്കാര്‍ക്ക് അനുമതി നിഷേധിച്ചു.