ബന്ധുക്കൾക്ക് എന്ന പേരിൽ വീട് വാടകയ്ക്കെടുക്കും; ഉടമ അറിയാതെ പണയം വെയ്ക്കും; ഒരു കോടി രൂപയിലേറെ തട്ടിയ ആൾ ‘ പിടിയിൽ

തൃശ്ശൂർ: വീട് വാടകയ്ക്കെടുത്ത് ഉടമ അറിയാതെ പണയ വ്യവസ്ഥയിൽ നൽകി ഒരു കോടി രൂപയിലേറെ തട്ടിയയാളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം പത്താംകല്ല് പുഴങ്കരയില്ലത്ത് നൗഷാദ് (53) ആണ് അറസ്റ്റിലായത്. 30-ലേറെ പേർ പരാതിയുമായി ഇതുവരെ വലപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. രണ്ടുലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് ഇവരിൽനിന്ന് പ്രതി തട്ടിയെടുത്തത്.

ബന്ധുക്കൾക്ക് താമസിക്കാനെന്ന് പറഞ്ഞ് വീട് വാടക്കെടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്. വീട് സ്വന്തമാണെന്ന് അവകാശപ്പെട്ട് പണയവ്യവസ്ഥയിൽ (ലീസ്) കൈമാറി വലിയ തുക വാങ്ങുന്നതായിരുന്നു പതിവ്. വീട് ഒഴിയുന്നതുവരെ വാടക കൊടുക്കേണ്ട എന്നതാണ് പണയത്തിന്റെ പ്രത്യേകത. വീട് ഒഴിയുമ്പോൾ മുൻകൂർ വാങ്ങിയ പണം പലിശയില്ലാതെ തിരിച്ചു നൽകുമെന്നാണ് വ്യവസ്ഥ.

വീടുകളുടെ യഥാർഥ ഉടമകൾക്ക് തുടക്കത്തിൽ വാടക കൃത്യമായി നൽകിയിരുന്നു. വാടക മുടങ്ങിയതിനെ തുടർന്ന് ഉടമകൾ അന്വേഷിച്ചെത്തിയപ്പോഴാണ് തട്ടിപ്പിനിരയായെന്ന് താമസക്കാർക്കും ഉടമകൾക്കും മനസ്സിലായത്. തുടർന്നാണ് കുറച്ച് പേർ പോലീസിൽ പരാതി നൽകിയത്.

സാധാരണക്കാരാണ് തട്ടിപ്പിനിരയായ ഭൂരിഭാഗം പേരും. വലപ്പാട് എസ്എച്ച്ഒ. എസ്.പി. സുധീരന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല. ഇവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാവക്കാട് ബസ് സ്റ്റാൻഡിൽ നിന്നാണ് എസ്ഐ. വിപി അരിസ്റ്റോട്ടിലിന്റെ നേതൃത്വത്തിൽ നൗഷാദിനെ അറസ്റ്റ് ചെയ്തത്.