ബംഗാളില്‍ ബിജെപി ടിക്കറ്റില്‍ വിജയിച്ച് തൃണമൂലിൽ ചേർന്ന മുകുള്‍ റോയിക്ക് പുതിയ പദവി; കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ്

കൊല്‍ക്കത്ത: തൃണമൂല്‍ കോൺഗ്രസ് നേതാവ് മുകുള്‍ റോയിയുടെ പുതിയ പദവിയെ ചൊല്ലി ബംഗാളില്‍ വീണ്ടും ബിജെപി- തൃണമൂല്‍ പോര്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുകുള്‍ റോയി തിരിച്ച് തൃണമൂലിലേക്ക് പോയത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടിയില്‍ തിരികെത്തിയ മുകുള്‍ റോയിയെ പശ്ചിമ ബംഗാള്‍ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) ചെയര്‍മാനായി നിയമിച്ചിരിക്കുകയാണ് മമത ബാനര്‍ജി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ വിജയിച്ച ശേഷം ഭരണകക്ഷിയായ തൃണമൂലിലേക്ക് പോയ മുകുള്‍ റോയിക്ക് നിയമസഭ പാനല്‍ തലവനായി ചുമതല നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ചു ബിജെപി നേതാവ് സുവേന്ദു അധികാരിരംഗത്തെത്തി. മമത ബാനര്‍ജിയുടെ ഭരണം സംസ്ഥാനത്തെ ജനാധിപത്യ സംവിധാനം നശിപ്പിച്ചതായി പ്രതിപക്ഷ നേതാവുകൂടിയായ സുവേന്ദു കുറ്റപ്പെടുത്തി. എംഎല്‍എ സ്ഥാനത്ത് നിന്ന് റോയിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോടതിയെ സമീപിക്കുമെന്ന് സുവേന്ദു അധികാരി പറഞ്ഞു.

മുകുള്‍ റോയിയെ പിഎസി ചെയര്‍മാനായി നിയമിക്കുന്നത് സംബന്ധിച്ച് ബിജെപി നേരത്തെയും പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ മികച്ച വിജയം നേടിയതിന് പിന്നാലെയാണ് മുകുള്‍ റോയി അടക്കമുള്ള നേതാക്കള്‍ വീണ്ടും തൃണമൂലിലേക്ക് വന്നത്.