തിരൂർ: അന്വേഷണമികവിനു കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരുവനന്തപുരം ട്രാഫിക്ക് അസി. കമ്മിഷണർ ജലീൽ തോട്ടത്തിലിനു നൽകിയ മെഡൽ കേന്ദ്രസർക്കാർ തിരിച്ചുവാങ്ങി. 2019-ൽ അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്റ നൽകിയ പോലീസ് മെഡലാണ് പരാതികളെത്തുടർന്നു റദ്ദാക്കിയത്.നൽകിയമെഡൽ റദ്ദാക്കുന്ന സംഭവം കേരള പോലീസിന്റെ ചരിത്രത്തിൽ ആദ്യമാണെന്നാണു സൂചന.
മഞ്ചേരിയിൽ കാമറൂൺ സ്വദേശികൾ നടത്തിയ ഓൺലൈൻ തട്ടിപ്പുതെളിയിച്ചതിനാണ് ജലീലിനു പുരസ്കാരം ലഭിച്ചത്.മലപ്പുറം ഡിവൈഎസ്പിയായിരുന്ന ജലീലിനായിരുന്നു. കേസന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല. അന്വേഷണത്തിൽ വിവിധ പോലീസുദ്യോഗസ്ഥർ പങ്കാളികളായെങ്കിലും ജലീലിന്റെ പേരുമാത്രമാണു ശുപാർശചെയ്തത്.
അന്വേഷണസംഘത്തിലെ മറ്റുദ്യോഗസ്ഥരെ മെഡലിനു ശുപാർശചെയ്യാത്തത് അതൃപ്തിക്കിടയാക്കി. അന്വേഷണസംഘത്തിൽപ്പെട്ട ഉദ്യോഗസ്ഥന്റെ ബന്ധു തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയും നൽകി.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അന്വേഷിച്ചു. തുടർന്നാണ് ജൂലായ് 13-ന് പുറത്തിറങ്ങിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ആഭ്യന്തരവകുപ്പ് ജോയിൻ്റ് സെക്രട്ടറി രാകേഷ് കുമാർ സിങ് മെഡൽ റദ്ദാക്കി ഉത്തരവിട്ടത്. മലപ്പുറത്തിനു പുറമെ തിരൂരിൽ ഡിവൈഎസ്പി. ആയിരുന്ന ജലീൽ, വിജിലൻസ് ഡിവൈഎസ്പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.