കടകൾ തുറക്കുന്നതിൽ വ്യാഴാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് കടകൾ തുറക്കുന്ന കാര്യത്തിൽ വ്യാഴാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നയപരമായ തീരുമാനം സ്വീകരിക്കണം. സംസ്ഥാനത്ത് ആൾക്കൂട്ട നിയന്ത്രണവും സാമൂഹ്യ അകലം പാലിക്കുന്നതും കൃത്യമായി നടക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തുണിക്കടകൾ ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ വാക്കാൽ പരാമർശം. ആൾക്കൂട്ടം നിയന്ത്രിക്കുന്ന ഭാഗമായാണ് കടകൾ തുറക്കാതിരിക്കുന്നത് എങ്കിൽ, സംസ്ഥാനത്ത് പലയിടങ്ങളിലും ആൾക്കൂട്ട നിയന്ത്രണവും സാമൂഹ്യ അകലവും പാലിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

എന്നാൽ വിദഗ്ധ സമിതിയുടെ ശുപാർശ പ്രകാരമാണ് നിയന്ത്രണങ്ങൾ സ്വീകരിക്കുന്നതെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. കടകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി വ്യവസായികൾ രംഗത്തുവന്നിരുന്നു.

എന്നാൽ വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കുന്നതിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ബിവറേജ് ഔട്ട്‌ലറ്റുകൾക്ക് മുന്നിൽ വൻ ആൾക്കൂട്ടം ഉണ്ടാകുന്നതിന് എതിരെ നേരത്തെ ഹൈക്കോടതി സർക്കാരിന് എതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.