കൊയിലാണ്ടിയില്‍ സ്വര്‍ണക്കടത്ത് കാരിയറെ തട്ടിക്കൊണ്ട് പോയ കേസ്; മൂന്നുപേർ അറസ്റ്റിൽ

കോഴിക്കോട്: കൊയിലാണ്ടിയില്‍ സ്വര്‍ണക്കടത്ത് കാരിയറെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശി നൗഷാദ്, മുഹമ്മദ് സാലിഹ്, നെല്ലാംകണ്ടി സ്വദേശി സൈഫുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാവിലെ ആറരയോടെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം അഷ്‌റഫിനെ തട്ടിക്കൊണ്ട് പോയത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിക്കൊണ്ട് പോകല്‍.

ഇന്ന് പുലര്‍ച്ചെ കോഴിക്കോട് കുന്ദമംഗലത്ത് അഷ്റഫിനെ സംഘം ഉപേക്ഷിക്കുകയായിരുന്നു. ഇയാളുടെ ശരീരത്തില്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ച പാടുകളുണ്ട്. അഷ്റഫിനെ കസ്റ്റഡിയിലെടുത്ത പൊലീസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കൊച്ചി വഴി സ്വര്‍ണം കടത്തിയതിന് അഷ്റഫിനെതിരെ നേരത്തെ കേസുണ്ട്. റിയാദില്‍ നിന്ന് മേയ് അവസാനമാണ് ഇയാള്‍ നാട്ടിലെത്തിയത്. കാരിയറായ അഷറഫ് റിയാദില്‍ നിന്ന് രണ്ട് കിലോയോളം സ്വര്‍ണം കൊണ്ടുവന്നതായാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.