അർജുൻ ആയങ്കിയുടെ ഭാര്യക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്

കൊച്ചി: കരിപ്പൂർ സ്വർണകടത്ത് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയ്ക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്. കൊച്ചി ഓഫീസിൽ നാളെ ഹാജരാകാനാണ് നിർദേശം. അർജുന്റെ ഭാര്യയുടെ നേരത്തെയുള്ള മൊഴിയിൽ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് നോട്ടീസ് നൽകിയത്.

അർജുൻ ആയങ്കിയുടെ മൊഴിയെ തുടർന്നാണ് ഭാര്യ അമലയെ നേരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഭാര്യയുടെ അമ്മ നൽകിയ പണം കൊണ്ടാണ് വീട് വെച്ചത് എന്നാണ് അർജുൻ മൊഴി നൽകിയത്. എന്നാൽ ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തില്ല.

അർജുന്റെ സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ചുള്ള വിവര ശേഖരത്തിനായാണ് കസ്റ്റംസ് അർജുന്റെ ഭാര്യയോട് ഹാജരാകാൻ നിർദ്ദേശിച്ചത്. കസ്റ്റംസിൽ ഹാജരായ അമലയെ ഉദ്യോഗസ്ഥർ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അർജുൻ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച്‌ തനിക്ക് അറിയില്ലെന്നാണ് അമല കസ്റ്റംസിന് മൊഴി നൽകിയത്.