തൃശ്ശൂര്: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 ന് തൃശൂർ പോലീസ് ക്ലബ്ബിൽ സുരേന്ദ്രൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും.
ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ.സുരേന്ദ്രന് കഴിഞ്ഞയാഴ്ച അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ആറാം തീയതി രാവിലെ പത്തിന് തൃശൂർ പോലീസ് ക്ലബ്ബിൽ ഹാജരാകാനായിരുന്നു നിർദേശം. കോഴിക്കോട്ടെ വീട്ടിൽ നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്.
എന്നാൽ പാർട്ടി യോഗമുള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് സുരേന്ദ്രൻ അന്വേഷണ സംഘത്തെ അറിയിച്ചു. തുടർന്ന് വീണ്ടും നോട്ടീസ് നൽകാൻ നീക്കം നടക്കുന്നതിനിടെയാണ് ഇന്ന് സുരേന്ദ്രൻ അന്വേഷണ സംഘത്തിന് മുന്നിൽ എത്തുന്നത്.
കുഴൽ പണ കേസിലെ പരാതിക്കാരൻ ധർമരാജനുമായുള്ള ബന്ധമാണ് കെ.സുരേന്ദ്രൻ വിശദീകരിക്കേണ്ടി വരിക. ബിജെപി നേതാക്കൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാകും സുരേന്ദ്രനിൽ നിന്നും വിവരങ്ങൾ ശേഖരിക്കുക.
പണം കവർച്ച ചെയ്യപ്പെട്ടയുടൻ ധർമരാജൻ വിളിച്ചവരിൽ സുരേന്ദ്രന്റെ മകനുണ്ട്. മാത്രമല്ല സുരേന്ദ്രന്റെ സെക്രട്ടറിയുടെയും ഡ്രൈവറുടെയും മകന്റെയും ഫോണുകളിൽ നിന്ന് ധർമരാജനെ നിരവധി തവണ വിളിച്ചിട്ടുമുണ്ട്.
തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനാണ് ബന്ധപ്പെട്ടതെന്ന് ഇവർ മൊഴിയും നൽകി. സുരേന്ദ്രന്റെ അറിവോടെയാണ് ഈ ഫോൺ സംഭാഷണങ്ങൾ നടന്നത് എന്നു കൂടി ഇവർ വിശദീകരിച്ചിട്ടുണ്ട്.
ധർമരാജനെ എന്തിന് വിളിച്ചു, എത്ര തിരഞ്ഞെടുപ്പ് സാമഗ്രികളുടെ ചുമതലയാണ് ധർമരാജനുണ്ടായിരുന്നത്, ഇതിന് രേഖയുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. കോന്നിയിൽ ധർമരാജനും സുരേന്ദ്രനും നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും ആരായും.
കേസിൽ ഈ മാസം 26 ന് മുൻപ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കും. 22 പ്രതികളെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. 1 കോടി 50 ലക്ഷം രൂപയും 20 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണവും കണ്ടെത്തിയിരുന്നു. മൂന്നര കോടി രൂപയാണ് കവർച്ച ചെയ്യപ്പെട്ടത്.