പാലക്കാട്: ലഹരിമരുന്ന് നൽകി ഹോട്ടലിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ ലഹരി പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്ത്. പെൺകുട്ടിയെ താമസിപ്പിച്ച പട്ടാമ്പിയിലെ ഹോട്ടലിൽ നടന്ന ലഹരി പാർട്ടിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ലഹരി സംഘങ്ങളുമായുള്ള ഹോട്ടൽ ഉടമയുടെ ബന്ധവും അന്വേഷണ സംഘം പരിശോധിക്കുകയാണ്.
ലഹരിമരുന്ന് നൽകിയായിരുന്നു പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി അവസാനം ഉപയോഗിച്ചത് പട്ടാമ്പിയിൽ ലഹരി പാർട്ടി നടന്ന ഹോട്ടൽ ഉടമയുടെ പേരിലുള്ള സിം കാർഡ് ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്. പെൺകുട്ടിയും ഹോട്ടലുടമയും തമ്മിലുള്ള ബന്ധവും പോലീസ് പരിശോധിക്കും. തൃത്താല സ്വദേശിയായ 18 വയസ്സുള്ള പെൺകുട്ടിയെ 2019 മുതൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി അമ്മയാണ് പരാതി നൽകിയത്.
പീഡന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പിന്നിൽ വൻ ലഹരി സംഘമുണ്ടെന്ന വിവരം പുറത്തുവരുന്നത്. പതിനാറ് വയസ് മുതൽ മയക്കുമരുന്നു നൽകിയും നഗ്നചിത്രങ്ങൾ കാണിച്ചും പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയും മൊഴി നൽകിയിരുന്നു. പെൺകുട്ടിക്ക് കഞ്ചാവ്, കൊക്കൈയ്ൻ, എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളടക്കം നൽകിയായിരുന്നു പീഡനം.
പിതാവിൻ്റെ സുഹൃത്തായ മുഹമ്മദും സുഹൃത്തുക്കളായ നൗഫലും അഭിലാഷുമാണ് കേസിലെ പ്രധാന പ്രതികൾ. കഴിഞ്ഞമാസം നാലിനാണ് പ്രതി അഭിലാഷ് പെൺകുട്ടിയെ പട്ടാമ്പിയിലെ ഹോട്ടലിലെത്തിച്ചത്.