ഗുവാഹത്തി: പുതിയ കന്നുകാലി സംരക്ഷണ നിയമവുമായി അസം സര്‍ക്കാര്‍. ‘അസം കാറ്റില്‍ പ്രിസര്‍വേഷന്‍ ബില്‍, 2021’ എന്ന പുതിയ ബില്‍ അവതരിപ്പിച്ചതായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു.കന്നുകാലികളുടെ കശാപ്പ്, ഉപഭോഗം, അനധികൃത കടത്ത് എന്നിവ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ബില്‍. പുതിയ ബില്ലോടെ അസമിലെ1950 ലെ കന്നുകാലി സംരക്ഷണ നിയമം റദ്ദായി. ഇതോടെ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
സാധുവായ രേഖകളില്ലാതെ അസമില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും തിരിച്ചും കന്നുകാലികളെ കൊണ്ടുപോകുന്നത് നിര്‍ദ്ദിഷ്ട നിയമം വഴി വിലക്കി. ബീഫ് ഭക്ഷിക്കാത്ത സമൂഹങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലും ഏതെങ്കിലും ക്ഷേത്രത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലും ബീഫ് വില്‍ക്കുന്നതും വാങ്ങുന്നതും ഈ നിയമ പ്രകാരം നിരോധിക്കുകയും ചെയ്തു.
ബംഗ്ലാദേശിലേക്കുള്ള കന്നുകാലികളുടെ കള്ളക്കടത്ത് തടയാന്‍ ലക്ഷ്യമിട്ടാണ് നിയമനിര്‍മാണമെന്നാണ് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പറയുന്നത്. കന്നുകാലികളുടെ കശാപ്പ്, ഉപഭോഗം, കടത്ത് എന്നിവ നിയന്ത്രിക്കുന്നതിന് 1950 ലെ നിയമത്തില്‍ ആവശ്യമായ വ്യവസ്ഥകള്‍ ഇല്ലെന്നും ചൂണ്ടികാട്ടിയാണ് നടപടി.
എരുമ, പശു, കാള, പോത്ത് തുടങ്ങിയ കന്നുകാലികളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധികൃതര്‍ അനുവദിച്ച സ്ഥലങ്ങളിലൊഴികെ മറ്റെവിടെയും മാട്ടിറച്ചി നേരിട്ടോ അല്ലാതെയോ വില്‍ക്കാനോ വാങ്ങാനോ പാടില്ലെന്നും നിര്‍ദിഷ്ട നിയമം വ്യവസ്ഥ ചെയ്യുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കോ, അല്ലെങ്കില്‍ സര്‍ക്കാര്‍ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും വ്യക്തിക്കോ, അവരുടെ അധികാരപരിധിയിലെ ഏത് പ്രദേശത്തും കയറി പരിശോധന നടത്താമെന്നും നിയമത്തില്‍ പറയുന്നു.
ഇത്തരത്തിലുള്ള കുറ്റകൃത്യത്തിന് മൂന്ന് വര്‍ഷം മുതല്‍ എട്ട് വര്‍ഷം തടവും മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. അതേസമയം ബില്ലിലെ പല വ്യവസ്ഥകളിലും വ്യക്തതയില്ലെന്നും ഭേദഗതിവേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒരു കല്ല് സ്ഥാപിക്കാനും ആര്‍ക്കും എവിടെയും ഒരു ‘ക്ഷേത്രം’ നിര്‍മ്മിക്കാനും കഴിയുമെന്നിരിക്കെ ഗോമാംസത്തെക്കുറിച്ചുള്ള അഞ്ചു കിലോമീറ്റര്‍ നിയമം വളരെ അവ്യക്തമാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.