തിരുവനന്തപുരം: കൊറോണ വ്യാപന നിരക്ക് കുറയാത്ത സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. നിയന്ത്രണങ്ങളുടെ ശാസ്ത്രീയതയെ പറ്റിയുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ് യോഗം. കടകൾ തുറക്കുന്നതിൽ ഇളവുകള്‍ നൽകുന്ന കാര്യം യോഗത്തിൽ പരിഗണിക്കും.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡെല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുക്കുക. വ്യാപാര സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നത് തിരക്കിനിടയാക്കുമെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ ദിവസവും കടകള്‍ തുറക്കുന്നത് പരിഗണനയിലാണ്.
ശനിയും ഞായറുമുള്ള ലോക്ക്ഡൗണ്‍ തുടരുന്നതില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ തൽക്കാലം തുടര്‍ന്നേക്കും. കടകള്‍ അടച്ചിടുന്ന വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇന്നലെ കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നു. വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് മന്ത്രി എ കെ ശശീന്ദ്രന് ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു.