ഉറങ്ങിയാല്‍ പിന്നെ എഴുന്നേല്‍ക്കുക 25 ദിവസം കഴിഞ്ഞ് ; അപൂർവ്വ രോഗത്തിന് അടിമയായി 42 കാരൻ

ജയ്പൂര്‍: ഉറങ്ങിയാല്‍ പിന്നെ എഴുന്നേല്‍ക്കുക 25 ദിവസം കഴിഞ്ഞ്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഉറക്കത്തിനിടെ തന്നെ ഭക്ഷണവും കഴിക്കും. അപൂർവ്വ രോഗത്തിന് അടിമയായ രാജസ്ഥാനില്‍ ജോധ്പൂരിനടുത്ത് നഗൗര്‍ എന്ന സ്ഥലത്തെ 42കാരനായ പുര്‍ഖരം സിങ് ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

വര്‍ഷത്തില്‍ 300 ദിവസവും ഉറങ്ങുന്ന പുര്‍ഖരം സിങ്ങിന് ആക്സിസ് ഹൈപര്‍സോംനിയ എന്ന അപൂര്‍വ അസുഖമാണ്. പലചരക്കുകട ഉടമയായിരുന്നു പുര്‍ഖരം സിങ്. ഉറക്കക്കൂടുതല്‍ കാരണം കട തുറക്കാന്‍ പറ്റാതായി. തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോഴാണ് ‘ആക്സിസ് ഹൈപര്‍സോംനിയ’ എന്ന അപൂര്‍വ അസുഖമാണെന്ന് കണ്ടെത്തിയത്.

2015ന് ശേഷമാണ്‌ ഈ അസുഖം ഇയാള്‍ക്ക് വര്‍ധിച്ചത്. 18 മണിക്കൂറൊക്കെയായിരുന്നു ആദ്യമൊക്കെ ഇയാള്‍ ഉറങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് ദിവസങ്ങള്‍ നീണ്ടു ഇരുപത്തിയഞ്ചുവരെ എത്തി നില്‍ക്കുകയാണ്. എത്ര വിളിച്ചാലും പൂര്‍ണമായും ഉണരാതായതോടെ ഉറക്കത്തിനിടെ തന്നെ ഭക്ഷണം കൊടുക്കല്‍ തുടങ്ങിയെന്ന് പുര്‍ഖരം സിങ്ങിന്‍റെ അമ്മ കന്‍വാരി ദേവിയും ഭാര്യ ലക്ഷ്മി ദേവിയും പറയുന്നു.