ഇംഗ്ലീഷിലാണ് നിയമം തയ്യാറാക്കേണ്ടത്; മലയാളം ലക്ഷദ്വീപിൻ്റെ ഔദ്യോഗിക ഭാഷയല്ല: കരടുനിയമങ്ങൾക്കെതിരായ ഹർജിയെ എതിർത്ത് ഭരണകൂടം

കൊച്ചി: ലക്ഷദ്വീപിലെ വിവാദ കരടുനിയമങ്ങൾക്കെതിരെ എം പി മുഹമ്മദ് ഫൈസൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ എതിർ സത്യവാങ്മൂലവുമായി ദ്വീപ് ഭരണകൂടം. നിർമ്മാണ പ്രക്രിയകളും കരടുനിയമങ്ങളും കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്നു സത്യാവാങ്മൂലത്തിൽ വ്യക്തമാക്കുന്ന ഭരണകൂടം കരടുനിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണമെന്ന വാദം നിലനിൽക്കില്ലെന്നും പറയുന്നു.

ഭരണഘടനാ വ്യവസ്ഥയനുസരിച്ച്‌ ഇംഗ്ലീഷിലാണ് നിയമം തയ്യാറാക്കേണ്ടതെന്നും മലയാളം ദ്വീപിൻ്റെ ഔദ്യോഗിക ഭാഷയല്ലെന്നും സത്യാവാങ്മൂലത്തിൽ പറയുന്നുണ്ട്. കൊറോണ കാലത്ത് കിറ്റുകൾ നൽകണമെന്നാവശ്യപ്പെടുന്ന ഹർജികൾ നേരത്തേതന്നെ കോടതിയുടെ പരിഗണനയിലുള്ളതാണെന്നും എം പിയുടെ ഹർജിയിലും സമാന സ്വഭാവത്തിലുള്ള കാര്യങ്ങൾ തന്നെയാണ് പറയുന്നതെന്നും ദ്വീപ് ഭരണകൂടം വ്യക്തമാക്കുന്നു.

കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരം ഒഴിവാക്കാനും ഡയറി ഫാമുകൾ അടച്ചുപൂട്ടാനുമുളള ദ്വീപ് ഭരണകൂടത്തിന്റെ വിവാദ ഉത്തരവുകൾ ഹൈക്കാേടതി നേരത്തേ സ്റ്റേചെയ്തിരുന്നു. മാംസാഹാരങ്ങൾ സൂക്ഷിക്കാൻ സൗകര്യമില്ലെന്നും ലാഭത്തിലല്ലാത്തതിനാലാണ് ഡയറി ഫാമുകൾ അടച്ചുപൂട്ടുന്നതെന്നുമാണ് ഭരണകൂടം പറഞ്ഞത്. എന്നാൽ ഇതെല്ലാം കോടതി തള്ളുകയായിരുന്നു. ദ്വീപിലെ ഡയറി ഫാമുകൾ അടച്ചുപൂട്ടിയശേഷം സ്വകാര്യ കമ്പനിയുടെ ഡയറി ഫാം തുടങ്ങാനായിരുന്നു ഭരണകൂടത്തിന്റെ ശ്രമം.

ദ്വീപ് ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇതൊന്നും കണ്ടില്ലെന്നു നടിച്ച്‌ വിവാദ പരിഷ്കരണങ്ങളുമായി മുന്നോട്ടുപോകാൻ തന്നെയാണ് ഭരണകൂടത്തിന്റെ തീരുമാനം.