കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഇന്ന് അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയുടെ മൊഴി വീണ്ടുമെടുക്കും. വീണ്ടും വിളിച്ചു വരുത്തുന്നത് അമലയുടെ മൊഴിയില്‍ വൈരുധ്യങ്ങളുള്ളത് കൊണ്ടാണ്. അമലയെ ചോദ്യം ചെയ്യുന്നതിലൂടെ കസ്റ്റംസിന് ലഭിച്ച ഡിജിറ്റല്‍ തെളിവുകളില്‍ വ്യക്തതയുണ്ടാക്കുകയെന്ന ലക്ഷ്യവുംകൂടിയുണ്ട്.
കസ്റ്റംസ് ഇന്ന് മൊഴിയെടുക്കാനായി പാനൂര്‍ സ്വദേശിനി സക്കീനയെയും കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
സിം കാര്‍ഡുകള്‍ എടുത്തു നല്‍കിയ ആളാണ് പാനൂര്‍ സ്വദേശിനി സക്കീന. സക്കീനയുടെ പേരിലെടുത്ത നാല് സിം കാര്‍ഡുകളാണ് അര്‍ജ്ജുന്‍ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഇതനുസരിച്ചാണ് സക്കീനയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. അതേസമയം ടിപി കേസിലെ പ്രധാന പ്രതി ഷാഫിയെ നാളെ ചോദ്യം ചെയ്യും. പോലീസ് കസ്റ്റഡിയിലുള്ള കൊടുവള്ളി സംഘത്തിലെ സൂഫീയാന്‍ അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ കസ്റ്റംസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
കൊണ്ടോട്ടി പോലീസ് പിടികൂടിയ പ്രതികളെ കസ്റ്റംസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട മുഴുവന്‍ ഗൂഡാലോചനയും പുറത്തുകൊണ്ടുവരാനാണ്. ചോദ്യം ചെയ്യുക കൊടുവള്ളി സംഘത്തിലെ മുഖ്യസൂത്രധാരന്‍ സൂഫിയാനും ഇയാളുടെ സഹോദരന്‍ ഫിജാസും ഉള്‍പ്പെടെയുള്ളവരെയാണ്.