ന്യൂയോർക്ക്: ഇന്ത്യൻ വംശജയായ സിരിഷ ബൻഡ്ലയും ശതകോടീശ്വരൻ റിച്ചാർഡ് ബ്രൻസണും ഉൾപ്പെടുന്ന ആറംഗം സംഘവുമായി വിർജിൻ ഗാലക്സി റോക്കറ്റ് ബഹിരാകാശത്ത് എത്തി. ഇന്ത്യൻ സമയം രാത്രി ഒമ്പതോടെയാണ് സംഘം ബഹിരാകാശത്ത് എത്തിയത്. രാത്രി എട്ടിനാണ് സംഘം യാത്ര തിരിച്ചത്. വൈകുന്നേരം 6.30ന് തുടങ്ങേണ്ട യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വൈകിയത്.
വിർജിൻ ഗാലക്സി കമ്പനിയുടെ ഉടമ കൂടിയാണ് റിച്ചാർഡ് ബ്രൻസൺ. കല്പന ചൗളയ്ക്കും സുനിത വില്ല്യംസിനും ശേഷം ബഹിരാകാശത്തേയ്ക്ക് യാത്ര തിരിച്ച മൂന്നാമത്തെ ഇന്ത്യൻ വനിതയാണ് തെലുങ്കാന സ്വദേശി സിരിഷ ബാൻഡ്ല.
ആന്ധ്രയിലെ ഗുണ്ടൂരിൽ ജനിച്ച സിരിഷ വെർജിൻ ഗാലാക്ടിക് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥയാണ്. ബഹിരാകാശ യാത്രയിൽ കമ്പനിയിൽ പ്രധാന സ്ഥാനങ്ങളിലുള്ളവരേയും ഒപ്പം കൂട്ടാൻ റിച്ചഡ് തീരുമാനിച്ചപ്പോഴാണ് സിരിഷയ്ക്കും ബഹിരാകാശത്തേയ്ക്ക് നറുക്ക് വീണത്.