സരിത്തിനേയും റമീസിനെയും കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കസ്റ്റംസ്

കൊച്ചി: സ്വര്‍ണക്കള്ളക്കടത്തു കേസില്‍ പ്രതികളായ സരിത്തിനേയും കെ ടി റമീസിനെയും കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കസ്റ്റംസ്. കസ്റ്റംസിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു.

കേരളത്തിലെ ജയിലില്‍ നിന്ന് പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഇതിനുള്ള അപേക്ഷ കസ്റ്റംസ് കോടതിയിലും സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലുള്ള പ്രതികളുടെ സുരക്ഷയും കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കവും കണക്കിലെടുത്താണിത്.

കൊഫെപോസ പ്രകാരം അറസ്റ്റിലായ പ്രതികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ചുമതലയാണ്. അതിനാലാണ് ഇതര സംസ്ഥാനത്തേയ്ക്ക് പ്രതികളെ മാറ്റാനൊരുങ്ങുന്നത്. അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ പി.എസ് സരിത്തിനെ ജയിലില്‍ പീഡിപ്പിച്ചതായുള്ള വിവരവും പുറത്തുവന്നിരുന്നു.