ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ ഐടി ചട്ടങ്ങൾക്ക് മുന്നിൽ വഴങ്ങി ട്വിറ്റർ. ഇന്ത്യൻ പൗരനായ കംപ്ലെയ്ന്റ്സ് ഓഫീസറെ നിയമിച്ചു. വിനയ് പ്രകാശിനെയാണ് ഇന്ത്യയിലെ പരാതി പരിഹാര ഓഫീസറായി നിയമിച്ചിരിക്കുന്നത്. ട്വിറ്റർ വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. grievance-officer-in@twitter.com എന്ന ഐഡിയിലൂടെ പരാതികൾ അറിയിക്കാമെന്നും ട്വിറ്റർ വ്യക്തമാക്കി.
അതേസമയം മൂന്ന് നിയമനങ്ങളാണ് ട്വിറ്ററിന് നടത്തേണ്ടത്. ഇതിൽ തദ്ദേശീയ പരാതി പരിഹാര ഓഫീസറായാണ് വിനയ് പ്രകാശിനെ ട്വിറ്റർ നിയമിച്ചിരിക്കുന്നത്. ചീഫ് കംപ്ലെയിന്റ്സ് ഓഫീസർ അടക്കമുള്ള നിയമനങ്ങൾ ഇനിയും നടത്തേണ്ടതായുണ്ട്. ഇതിനായി എട്ട് ആഴ്ച്ചത്തെ സമയം കേന്ദ്രസർക്കാർ ട്വിറ്ററിന് നൽകിയിട്ടുണ്ട്.
ഇന്ത്യൻ വിവരസാങ്കേതിക നിയമ പ്രകാരം ട്വിറ്ററിന് ലഭിക്കുന്ന പരാതികളെ കുറിച്ച് കമ്പനി എല്ലാ മാസവും റിപ്പോർട്ട് തയ്യാറാക്കണം. പരാതികളിൽ എടുത്ത നടപടികളും വ്യക്തമാക്കണം. ഇത്തരം കാര്യങ്ങൾ ഇനി ചെയ്യേണ്ടത് പരാതി പരിഹാര ഓഫീസറായിരിക്കും.
മെയ് 26 മുതൽ ജൂൺ 25 വരെ ലഭിച്ച പരാതി വിവരങ്ങളും ട്വിറ്റർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കൗണ്ട് വേരിഫിക്കേഷൻ, അക്കൗണ്ട് ആക്സസ്, അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ സംബന്ധിച്ചാണ് കൂടുതൽ പരാതികൾ ലഭിച്ചിരിക്കുന്നതെന്നും ട്വിറ്റർ അറിയിച്ചു.