മുംബൈ : കഴിഞ്ഞ മാസം കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത പ്രദേശങ്ങളിലെ സ്കൂളുകളിൽ ജൂലൈ 15 മുതല്‍ ക്ലാസുകള്‍ ആരംഭിക്കാമെന്ന് സ്കൂള്‍ വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്വാഡ് അറിയിച്ചു. എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിക്കുക.
കൊറോണ മുക്തമായ ഗ്രാമങ്ങളില്‍ സുരക്ഷിതമായ രീതിയില്‍ സ്കൂളുകള്‍ തുറക്കാനും ക്ലാസുകള്‍ പുനഃരാരംഭിക്കാനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തി വരുകയാണ്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഒരു വീഡിയോ സന്ദേശം പങ്കുവെച്ചുകൊണ്ട് വര്‍ഷ ഗെയ്ക്വാഡ് കുറിച്ചു. സ്കൂളില്‍ സാധാരണ നിലയില്‍ ക്ലാസുകള്‍ പുനഃരാരംഭിക്കുന്നതിന് മുമ്പ് എല്ലാ അധ്യാപകരും സ്കൂള്‍ ജീവനക്കാരും കൊറോണ വാക്സിന് സ്വീകരിച്ചിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
‘ഒരു മൂന്നാം തരംഗത്തിന്റെ സാധ്യത സര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകളൊന്നും അനുവദിക്കില്ല’, മന്ത്രി വ്യക്തമാക്കി. സ്കൂളുകള്‍ തുറക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കൊറോണ മാനദണ്ഡങ്ങളും മുന്‍കരുതലുകളും പെരുമാറ്റച്ചട്ടവും കൃത്യമായി പാലിക്കണമെന്ന് സ്കൂളുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി.