കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകനെതിരെയുള്ള പീഡന പരാതിയിൽ പോലീസ് കേസെടുത്തു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ഹാരിസിനെതിരെയാണ് കേസ്. തന്നെ പീഡിപ്പിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്.
അധ്യാപകനെതിരെ വിദ്യാർത്ഥിനി ആദ്യം സർവ്വകലാശാല പരാതി പരിഹാര സെല്ലിലാണ് പരാതി കൊടുത്തിരുന്നത്. കമ്മറ്റി പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് പൊലീസിന് കൈമാറുകയായിരുന്നു. അധ്യാപകനെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും വിദ്യാർത്ഥിയുടെ മൊഴിയെടുക്കൽ അടക്കമുള്ള നടപടികൾ പുരോഗമിക്കകയാണെന്നും തേഞ്ഞിപ്പലം പൊലീസ് പറഞ്ഞു.
അധ്യാപകനെന്ന ബന്ധം മുതലെടുത്ത് ശാരീരികവും മാനസികവുമായ പീഡനം നടത്തിയെന്നാണ് വിദ്യാർഥിനിയുടെ പരാതി. കഴിഞ്ഞ വർഷം ഒക്ടോബർ മുതലുള്ള വിവിധ സംഭവങ്ങളാണ് പരാതിയിലുള്ളത്. നേരിട്ടും ഫോണിലും ആട്സ്ആപ്പ് മുഖേനെയും ലൈംഗിക ചുവയോടെ സംസാരിച്ചതും ഇടപെട്ടതും പരാതിയിലുണ്ട്.
പലപ്പോഴായി എതിരഭിപ്രായം അറിയിച്ചിട്ടും ചൂഷണം തുടർന്നതോടെയാണ് യൂണിവേഴ്സിറ്റി ആഭ്യന്തര പരാതി സമിതിക്ക് വിദ്യാർഥിനി പരാതി നൽകിയത്. യൂണിവേഴ്സിറ്റിയിലെയും നേരത്തെ അധ്യാപകൻ ജോലി ചെയ്തിരുന്ന പി എസ് എം ഒ കോളജിലെയും വിദ്യാർഥിനികളും സമാനമായ അനുഭവം പങ്കുവെച്ചതായും പരാതിയിൽ പറയുന്നുണ്ട്.