നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ വീഴ്ച; ജി സുധാകരനെതിരെ കമ്മീഷനെ വച്ച് സിപിഎം അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ വോട്ടു ചോർച്ചയുണ്ടായെന്നും പ്രചാരണത്തിൽ സഹകരിച്ചില്ലെന്നുമുള്ള ആക്ഷേപത്തിൽ മുൻ മന്ത്രി ജി സുധാകരനെതിരെ സിപിഎം കമ്മീഷനെ വച്ച് അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറേറിയറ്റ് അംഗങ്ങളായ കെ ജെ തോമസും എളമരം കരീമും അംഗങ്ങളായ അന്വേഷണ കമ്മീഷനാണ് ചുമതല.

അമ്പലപ്പുഴയിലെ സ്ഥാനാർഥി എച്ച് സലാം തെരഞ്ഞെടുപ്പിന് മുമ്പ് വരെ സുധാകരൻ്റെ വിശ്വസ്തനായിരുന്നു. പൊതുമരാമത്ത് മന്ത്രിയായിരുന്ന സുധാകരൻ വീണ്ടും സീറ്റുകിട്ടുമെന്ന പ്രതീക്ഷയിൽ മൽസരിക്കാൻ പ്രാരംഭ നീക്കങ്ങളും നടത്തി. ജി സുധാകരനെ മാറ്റി എച്ച് സലാമിനെ സ്ഥാനാര്‍ഥിയാക്കാനുളള തീരുമാനം സിപിഎം സംസ്ഥാന സമിതിയാണ് കൈക്കൊണ്ടത്. രണ്ട് ടേം വ്യവസ്ഥയെ തുടര്‍ന്നാണ് ജി സുധാകരന് മൽസരിക്കാൻ അവസരം നഷ്ടമായത്.

തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തില്‍ ജി സുധാകരന്‍ വിട്ടുനിന്നത് മണ്ഡലത്തില്‍ തോല്‍വിക്ക് പോലും കാരണമാകുമോ എന്ന ആശങ്ക സിപിഎമ്മിനും അവിടത്തെ സ്ഥാനാര്‍ഥിക്കും ഉണ്ടായിരുന്നുവെന്നാണ് ആക്ഷേപം. സുധാകരനില്‍ നിന്നും പ്രതീക്ഷിച്ച പിന്തുണയുണ്ടായില്ലെന്ന് ആലപ്പുഴ ജില്ലാകമ്മിറ്റിയിലും വിമര്‍ശനമുയര്‍ന്നു. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ റിപ്പോര്‍ട്ടിലും അമ്പലപ്പുഴയില്‍ വീഴ്ച സംഭവിച്ചുവെന്ന പരാമര്‍ശമുണ്ടായി.

പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപ മതിലിലടക്കം ആദ്യഘട്ടത്തില്‍ സലാമിനെതിരേ പോസ്റ്റര്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. എസ് ഡിപി ഐക്കാരനാണ് സലാം എന്ന് വ്യക്തിഹത്യ നടത്തുന്ന പ്രചാരണങ്ങൾ ഉണ്ടായപ്പോൾ ഇതിനെ പ്രതിരോധിക്കാനോ, മറുപടി നല്‍കാനോ ജി.സുധാകരന്‍ തയ്യാറായില്ല. തിരഞ്ഞെ ടുപ്പ് പ്രചാരണത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കേണ്ട ഒരാളായിരുന്നു സുധാകരന്‍. പക്ഷേ അത് ചെയ്യാനുളള മനസ്സ് കാണിച്ചില്ല. ഇതിനെതിരേ ജില്ലാ കമ്മിറ്റിയില്‍ സലാം പരാതി ഉന്നയിച്ചിരുന്നുവെന്ന് പാർട്ടി വിലയിരുത്തി.

സലാമിൻ്റെ കൂടി പരാതി കണക്കിലെടുത്താണ് ജി സുധാകരനെതിരായ   പരാമര്‍ശങ്ങളുളള റിപ്പോര്‍ട്ട് സംസ്ഥാന സമിതി ചര്‍ച്ച ചെയ്തത്.
സിപിഎം സംസ്ഥാന സമിതിയില്‍ ജി സുധാകരനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കുന്നത്. പ്രചാരണ ത്തില്‍ വീഴ്ചയെന്ന അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചുവെന്ന റിപ്പോര്‍ട്ട് ശരിവച്ചായിരുന്നു സിപിഎം സംസ്ഥാന സമിതിയില്‍ ജി സുധാകരനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

അതേസമയം അമ്പലപ്പുഴയിൽ വോട്ട് ചോർച്ച ഉണ്ടായിട്ടില്ലെന്നും പ്രചാരണത്തിന് സുധാകരൻ സജീവമായിരുന്നുവെന്നും സുധാകരനോട് അടുപ്പമുള്ളവർ പറയുന്നു. എച്ച് സലാമടക്കമുള്ളവർ ഉന്നയിച്ച ആക്ഷേപങ്ങൾ കൊടിയ വഞ്ചനയാണെന്ന് സുധാകരപക്ഷം കുറ്റപ്പെടുത്തുന്നു. സുധാകരനെ ഒറ്റപ്പെടുത്തി പാർട്ടിയുടെ വരുതിയിലാക്കാനുള്ള ശ്രമമാണ് അന്വേഷണത്തിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.

പാല, കല്പറ്റ മണ്ഡലങ്ങളിലെ പരാജയം അതത് ജില്ലാ കമ്മിറ്റികള്‍ പരിശോധിക്കാനും സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായിട്ടുണ്ട്. വയനാട്, കോട്ടയം ജില്ലാ തലത്തിലാകും പരിശോധന. എന്നാൽ ഇക്കാര്യത്തിൽ ശക്തമായ നടപടിക്ക് സാധ്യതയില്ലെന്നാണ് സൂചന.