ഖണ്ഡഹാർ: താലിബാൻ ഭീകരർക്കെതിരെ അഫ്ഗാൻ സൈന്യത്തിന്റെ ശക്തമായ പ്രത്യാക്രമണം. കര വ്യോമസേന വിഭാഗങ്ങളുടെ സംയുക്താക്രമണത്തിലാണ് ഭീകരരെ സൈന്യം വകവരുത്തിയത്. അഫ്ഗാന്റെ തെക്കൻ മേഖലകളിലായി സൈന്യം നടത്തിയ ആക്രമണത്തിലാണ് 109 ഭീകരരെ വധിച്ചത്. 25 ഭീകരർക്ക് പരിക്കേറ്റിട്ടുണ്ട്.
ഖണ്ഡഹാറിലെ തെക്കൻ മേഖലയിൽ രണ്ടാം ആക്രമണത്തിൽ 70 ഭീകരരാണ് കൊല്ലപ്പെട്ടത്. അഫ്ഗാൻ വ്യോമസേനയുടെ സഹായത്താലാണ് കരസേന ഭീകരരുടെ കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയത്. ഖണ്ഡഹാറിലെ സമീപ ജില്ലയായ ദാണ്ഡിലാണ് കരസേനയുടെ 205-ാം അറ്റാൾ കോർ ആക്രമണം നടത്തിയത്.
ഇതേ സമയം തന്നെ ഹെൽമാന്ദ് പ്രവിശ്യയിൽ സൈന്യം നടത്തിയ ആക്രമണത്തിൽ 39 ഭീകരരെ വധിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൻ തോതിൽ ആയുധങ്ങൾ പിടിച്ചെടുത്ത സൈന്യം സ്‌ഫോടകവസ്തുക്കൾ നശിപ്പിച്ചതായും അവകാശപ്പെടുന്നു.