കോട്ടയ്ക്കല്‍: ആയൂര്‍വേദ ആചാര്യനും കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ പി കെ വാര്യര്‍ അന്തരിച്ചു. ജൂണ്‍ എട്ടിനാണ് അദ്ദേഹത്തിന്റെ നൂറാം ജന്മദിനം ആഘോഷിച്ചത്. വാര്‍ധ്യക സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ആയുര്‍വേദം ചികിത്സ വിധി മാത്രമല്ല പാരമ്പര്യമാണ് എന്ന് നിഷ്‌കര്‍ഷിച്ച ആളുമായിരുന്നു പി കെ വാര്യര്‍.
പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരുമടക്കമുള്ള പ്രധാനികള്‍ ഡോ പികെ വാര്യരുടെ സേവനം തേടി കോട്ടയ്ക്കലില്‍ എത്തിയിരുന്നു. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിനെ ആഗോളപ്രശസ്തമാക്കിയതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ആര്യവൈദ്യശാലയുടെ സ്ഥാപകനായ ഡോ. പി എസ് വാര്യരുടെ അനന്തരവനായ പി കെ വാര്യര്‍ അമ്മാവന്‍ തുടങ്ങിവച്ച സ്ഥാപനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് വളര്‍ത്തി എടുത്തു.
ആയൂര്‍വേദ ചികിത്സ രംഗത്തെ കുലപതിയായ പി കെ വാര്യരെ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് 1999ല്‍ പത്മശ്രീയും 2010ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. 1997ല്‍ ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഫറന്‍സ് ‘ആയുര്‍വേദ മഹര്‍ഷി’ സ്ഥാനം അദ്ദേഹത്തിന് സമര്‍പ്പിക്കുകയുണ്ടായി.
മറ്റ് ഒട്ടേറെ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ധന്വന്തരി പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ അഷ്ടാരംഗരത്‌നം പുരസ്‌കാരം, ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, പതഞ്ജലി പുരസ്‌കാരം, സി. അച്യുതമേനോന്‍ അവാര്‍ഡ്, കാലിക്കറ്റ്, എംജി സര്‍വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചു.
പി കെ വാര്യര്‍ എന്ന് അറിയപ്പെടുന്ന പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാര്യര്‍ കോടി തലപ്പണ ശ്രീധരന്‍ നമ്പൂതിരിയുടെയും പാര്‍വതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായി 1921 ജൂണ്‍ 5ന് കോട്ടയ്ക്കലിലാണ് ജനിച്ചത്. കോട്ടയ്ക്കല്‍ കിഴക്കേ കോവിലകം വക കെ.പി സ്‌കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിലൂം കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളിലുമായിട്ടായിരുന്നു തുടര്‍ വിദ്യാഭ്യാസം. കോട്ടയ്ക്കല്‍ ആയുര്‍വേദ പാഠശാലയില്‍ ‘ആര്യവൈദ്യന്‍’ കോഴ്‌സിന് പഠിച്ചു.
ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ‘സ്മൃതിപര്‍വം’ പികെ വാര്യരുടെ ആത്മകഥയാണ്. ഇതിന് 2009ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി രണ്ടുതവണ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കവയിത്രിയായിരുന്ന പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കള്‍: ഡോ. കെ.ബാലചന്ദ്രന്‍ വാര്യര്‍, പരേതനായ കെ.വിജയന്‍ വാര്യര്‍, സുഭദ്ര രാമചന്ദ്രന്‍. മരുമക്കള്‍: രാജലക്ഷ്മി, രതി വിജയന്‍ വാര്യര്‍, കെ വി രാമചന്ദ്രന്‍ വാര്യര്‍.