മോസ്‌കോ: അമേരിക്കന്‍ സൈന്യം ഒഴിഞ്ഞുപോകുന്ന അഫ്ഗാനിന്റെ 85 ശതമാനവും പിടിച്ചടക്കി താലിബാന്‍. റഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന താലിബാന്‍ നേതാക്കളാണ് അഫ്ഗാന്റെ ഭൂരിഭാഗം പ്രദേശങ്ങളും തങ്ങളുടെ അധീനതയിലാണെന്ന് അറിയിച്ചത്. ‘അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന എല്ലാ ശക്തികളെയും അഫ്ഗാനില്‍ നിന്ന് തുരത്തും. അയല്‍ രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ഐഎസിനെ തുടച്ചുനീക്കും. മയക്കുമരുന്ന് ഉല്‍പ്പാദനവും വിതരണവും ഇല്ലാതാക്കും. ഞങ്ങളുടെ ഭരണം അയല്‍രാജ്യങ്ങള്‍ക്ക് ഒരിക്കലും ഭീഷണിയാകില്ല’ -താലിബാന്‍ നേതാക്കള്‍ മോസ്‌കോയില്‍ പറഞ്ഞു.
അമേരിക്കന്‍ സൈന്യം ആഗസ്റ്റ് 31 ഓടെ അഫ്ഗാന്‍ വിടാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രധാന വ്യോമ താവളമെല്ലാം അമേരിക്കന്‍ സൈന്യം ഒഴിഞ്ഞു. ഇനി നാട്ടിലേക്ക് യാത്ര തിരിക്കാന്‍ ഒരുങ്ങുകയാണ് യു.എസ് സൈനികര്‍. 20 വര്‍ഷത്തെ അധിനിവേശത്തിന് ശേഷമാണ് അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം മടങ്ങുന്നത്. ഈ സാഹചര്യത്തിലാണ് താലിബാന്‍ കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കുന്നത്. രാജ്യത്തിന്റെ 85 ശതമാനവും തങ്ങളുടെ നിയന്ത്രണത്തിലായി എന്ന് താലിബാന്‍ പറയുന്നു.
സെന്‍ട്രല്‍ ഏഷ്യന്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശവും ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശവുമെല്ലാം ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. നേരത്തെ നിരവധി അഫ്ഗാന്‍ സൈനികര്‍ താലിബാനെ ഭയന്ന് താജിക്കിസ്താനില്‍ അഭയം തേടിയിരുന്നു. ചില സായുധ സംഘങ്ങളും ഒഴിഞ്ഞുപോകുന്നുണ്ട്. ഐസിസ് തീവ്രവാദികള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്നാണ് താലിബാന്റെ പ്രതികരണം. അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന ഒരു ശക്തിയെയും അഫ്ഗാനില്‍ വാഴിക്കില്ലെന്നും താലിബാന്‍ നേതാവ് ശഹാബുദ്ദീന്‍ ദെലാവര്‍ പറഞ്ഞു.