അനാരോഗ്യമെന്ന് ധരിപ്പിച്ച് കോടതിയില്‍ ഹാജരായില്ല; നൃത്തം ചെയ്യുന്ന പ്രജ്ഞാ സിങ് ഠാക്കൂറിന്റെ വീഡിയോ പുറത്ത്; കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് വിമര്‍ശനം

ഭോപ്പാല്‍: മാലെഗാവ് സ്‌ഫോടനക്കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിന്റെ നടപടി വിവാദമാകുന്നു. അനാരോഗ്യം ചൂണ്ടികാട്ടിയാണ് പ്രജ്ഞാ സിങ് കോടതിയില്‍ ഹാജരാകാതിരുന്നത്. അതേസമയം ഇവര്‍ വീട്ടില്‍ നടന്ന ഒരു വിവാഹ ആഘോഷത്തിന്റെ ഭാഗമായി നൃത്തം ചെയ്യുന്ന വീഡിയോ പുറത്തായതിനെ തുടര്‍ന്ന് വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്.

നടക്കാന്‍ കഴിയില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടികാട്ടി ഹാജരാകാന്‍ കഴിയില്ലെന്ന് പ്രജ്ഞാ കോടതിയെ അറിയിക്കുകയായിരുന്നു. വീല്‍ ചെയറിന്റെ സഹായത്തോടെ മാത്രമെ സഞ്ചരിക്കാന്‍ കഴിയൂവെന്നുമാണ്‌ 51കാരിയായ എംപി കോടതിയില്‍ പറഞ്ഞത്.

അതേസമയം എംപിയുടെ വീട്ടില്‍ വച്ചുനടന്ന വിവാഹ ചടങ്ങിന് പിന്നാലെയുള്ള ആഘോഷത്തില്‍ പ്രജ്ഞ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ രണ്ട് യുവതികളുടെ വിവാഹമാണ് എംപിയുടെ വസതിയില്‍ നടന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു.

ഭോപ്പാല്‍ എംപി പ്രജ്ഞയെ കാണുമ്പോഴെല്ലാം അവര്‍ ബാസ്‌കറ്റ്‌ബോള്‍ കളിക്കുകയോ ഒറ്റയ്ക്ക് നടക്കുകയോ ആണെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ ട്വീറ്ററിലൂടെ വ്യക്തമാക്കി. ഇതോടെ എംപി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്ന് കഴിഞ്ഞു.

വീഡിയോ പുറത്തുവന്നെങ്കിലും എംപിയെ അനുകൂലിച്ച് ഒരു വധുവിന്റെ പിതാവ് രംഗത്തുവന്നു. ‘മകളുടെ വിവാഹം നടത്താന്‍ മുന്നില്‍ നിന്ന എം പിയോട് നന്ദിയുണ്ട്. സാമ്പത്തിക നില മോശമായ അവസ്ഥയിലായിരുന്നതിനാല്‍ മകളുടെ വിവാഹം നടത്താന്‍ കഴിയുമായിരുന്ന അവസ്ഥ ഉണ്ടായിരുന്നില്ല. എംപിയുടെ ദീര്‍ഘായുസിനായി ദേവിയോട് പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഞെട്ടിച്ച 2008 ലെ മാലെഗാവ് സ്ഫോടനത്തില്‍ പ്രതിയായ പ്രജ്ഞ സിങ് ഇപ്പോള്‍ ജാമ്യത്തിലാണ്. ഈ കേസില്‍ 9 വര്‍ഷം ഇവര്‍ ജയിലില്‍ കഴിഞ്ഞിരുന്നു. 2017ലാണ് പ്രജ്ഞയ്ക്ക് ജാമ്യം ലഭിച്ചത്. വടക്കന്‍ മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള മലെഗാവ് പട്ടണത്തിലെ ഒരു പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ സ്ഫോടകവസ്തു
പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.