തിരുവനന്തപുരം: കേരളത്തിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കൊതുകുകൾ വഴി പടരുന്ന രോഗമാണ് സിക്ക. ഡെങ്കിപ്പനിക്കും ചിക്കുൻഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ് സിക്ക വൈറസ് ബാധയ്ക്കും. പകൽ കടിക്കുന്ന ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകാണ് വൈറസ് പരത്തുന്നത്. സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയാണ് രോഗികൾക്ക് നൽകുക.
സിക്ക വൈറസ് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാറില്ല. വിശ്രമിച്ചാൽ പൂർണമായും മാറും. എന്നാൽ ഗർഭിണികളെയാണ് ബാധിക്കുന്നതെങ്കിൽ ഗർഭസ്ഥശിശുക്കളുടെ തലയോട്ടിക്ക് വളർച്ചക്കുറവ് ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ സംഭവിച്ചേക്കാം. അതിനാൽ ഗർഭിണികൾ അതീവജാഗ്രത പുലർത്തണം.
രക്തം സ്വീകരിക്കുന്നതിലൂടെയും ലൈംഗിക ബന്ധത്തിലുടെയും രോഗം പകരുമെന്നതും ഗൗരവമായി കാണണം. രോഗം സ്ഥിരീകരിച്ചവരുടെ യാത്രാ-സമ്പർക്ക വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപ്പിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.