തൃശൂർ: കെഎം മാണിയെ അഴിമതിക്കാരനായിരുന്നുവെന്ന് ആക്ഷേപിച്ച് ഇല്ലായ്മ ചെയ്യാൻ ആക്രമണം നടത്തിയ എൽഡിഎഫുകാർ കുറ്റക്കാരനല്ലാതിരിന്നിട്ടും അദ്ദേഹത്തിന്റെ മരണ ശേഷവും അതേ ആരോപണം ഉന്നയിക്കുന്നത് കൊടും ക്രൂരതയാണെന്നു മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ.
നിയമസഭാ ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം 2015 ലെ ബജറ്റ് അവതരണ വേളയിൽ ധനകാര്യ മന്ത്രിയായിരുന്ന കെഎം മാണിയെ എൽഡിഎഫ് അതിക്രൂരമായി മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഇല്ലായ്മ ചെയ്യാൻ ആക്രമണം നടത്താൻ ശ്രമിക്കുകയും ചെയ്തത് ജനങ്ങൾ മറന്നിട്ടില്ല. ഇതേ നേതാക്കൾ കെഎം മാണി കുറ്റക്കാരനല്ലാതിരിന്നിട്ടുംഅദ്ദേഹത്തിന്റെ മരണ ശേഷവും അഴിമതിക്കാരനായിരുന്നുവെന്നാക്ഷേപിക്കുന്നത് കൊടും ക്രൂരതയാണ്.
അന്ന് നിയമസഭയിലുണ്ടായിരുന്ന താനുൾപ്പെടെയുള്ള യുഡിഎഫ് നിയമസഭാംഗങ്ങൾ അദ്ദേഹത്തെ എൽഡിഎഫ് നേതാക്കളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിച്ചവരാണ്. എൽഡിഎഫിന് പിന്തുണ നൽകുന്ന കേരള കോൺഗ്രസ് എം നേതാക്കൾ ഇക്കാര്യം ഓർക്കുന്നത് നന്നായിരിക്കുമെന്നും ഉണ്ണിയാടൻ പറഞ്ഞു.