തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്. വ്യാപാരികളോട് സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചാണ് സമരം. പ്രാദേശിക കേന്ദ്രങ്ങളിൽ ഉപവാസ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊറോണ മാനദണ്ഡം പാലിച്ചുകൊണ്ട് എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണം എന്നതാണ് പ്രധാന ആവശ്യം. ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുക , വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ കൊറോണ സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഇന്ന് ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തും. ജില്ലകളിലെ സാഹചര്യം വിലയിരുത്തിയ ശേഷമാകും ഇളവുകൾ തീരുമാനിക്കുക.
ടിപിആർ കുറയാത്ത സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ ഉണ്ടായേക്കില്ല. ഇപ്പോഴത്തെ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ചയോ അതിലധികമോ നീളാനാണ് സാധ്യത. ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശങ്ങൾ തീരുമാനിക്കാൻ ഉള്ള ടിപിആർ പരിധി 15 ആക്കി കുറച്ചേക്കും. ഇതോടെ കൂടുതൽ മേഖലകൾ ട്രിപ്പിൾ ലോക്ക്ഡൗൺ ആകും. ജില്ലകളിലെ വാക്സിനേഷൻ, കൊറോണ പരിശോധനകൾ, പ്രതിരോധ നടപടികൾ എന്നിവയും ചർച്ച ചെയ്യും.