ചങ്ങനാശ്ശേരി: അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവച്ച പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ ഫാ.സ്റ്റാൻ സ്വാമിയോട് കേന്ദ്ര സർക്കാർ കടുത്ത അനീതി കാട്ടിയോ എന്ന് സംശയിക്കണമെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു. പാവങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി നീക്കിവയ്ക്കപ്പെട്ടതായിരുന്നു ഫാ.സ്റ്റാൻ സ്വാമിയുടെ ജീവിതം. എന്നിട്ടും അദ്ദേഹത്തിന് അർഹമായ നീതി ലഭിക്കാതെ പോയെന്ന് മാർ പെരുന്തോട്ടം പറഞ്ഞു.
ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം നീതിക്കായി പോരാടിയത്. എന്നാൽ ഫാ.സ്റ്റാൻ സ്വാമിക്ക് വേണ്ട വിദഗ്ധചികിത്സ ലഭ്യമാക്കാൻ സർക്കാർ അനാസ്ഥയാണ് കാണിച്ചത്. അദ്ദേഹത്തെ പോലെ നിസ്വാർഥനായ ഒരാൾക്ക് വേണ്ട പരിഗണന ലഭിക്കാതെ പോയത് ഏറെ വേദനിപ്പിക്കുന്നതാണ്. ഇക്കാര്യത്തിൽ സർക്കാരുകൾ തികഞ്ഞ അനാസ്ഥ കാട്ടിയെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി.
ഫാ.സ്റ്റാൻ സ്വാമിയുടെ പ്രായവും ആരോഗ്യനിലയും പരിഗണിക്കപ്പെടാതെ പോയി. വയോധികനായ അദ്ദേഹത്തിന് നീതി നിഷേധിക്കപ്പെട്ടതായി സംശയമുണ്ട്. വൈദികനായിരിക്കുമ്പോൾ തന്നെ ഫാ.സ്റ്റാൻ സ്വാമി കാട്ടിയ സാമൂഹ്യ പ്രതിബദ്ധതയും നീതിബോധവും എന്നും സ്മരിക്കപ്പെടുമെന്നും ആർച്ച് ബിഷപ്പ് മാർ പെരുന്തോട്ടം പറഞ്ഞു.