അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ഭാര്യയയെും ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. അർജുൻ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ളവയിലാണ് മൊഴി എടുക്കൽ. അതേ സമയം കസ്റ്റംസ് കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

ജൂലൈ 7 ന് ടിപി കേസിലെ പ്രതി ഷാഫിയെയും കസ്റ്റംസ് ചോദ്യം ചെയ്യും. കൊടി സുനിയ്ക്കായി ഉടൻ കോടതിയിൽ അപേക്ഷ നൽകാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. പ്രധാന പ്രതി മുഹമ്മദ് ഷഫീഖിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യലിനായി 7 ദിവസമാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.

മുഹമ്മദ് ഷഫീഖ് കസ്റ്റഡിയിൽ ഏഴ് ദിവസം പൂർത്തിയാകുന്നതോടെ തുടർ നടപടി ഇന്നുണ്ടാകും. കരിപ്പൂർ സ്വർണ്ണക്കടത്തിന് പുറമെ ടിപി കേസിലെ പ്രധാന പ്രതികൾക്ക് സ്വർണ്ണക്കടത്തിലുള്ള പങ്കിലും മുഹമ്മദ് ഷഫീഖ് മൊഴി നൽകിയിട്ടുണ്ട്.