ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പ്രതിദിനമുള്ള കൊറോണ രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ആശ്വസിക്കാനുള്ള സമയം ആയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും ഇത് അവസാനിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4 ലക്ഷത്തില്‍ നിന്നും 46000ത്തിലേക്ക് കുറഞ്ഞുവെങ്കിലും ആശങ്ക കൈവിടാറായിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. രാജ്യത്ത് പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം ഒരാഴ്ചക്കിടെ 13 ശതമാനം കുറഞ്ഞിട്ടുണ്ട്.
കേരളത്തിലേത് അടക്കം രാജ്യത്തെ 71 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കൂടുതലുള്ള 71 ജില്ലകളാണ് രാജ്യത്തുള്ളത്. ഈ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് നീതി ആയോഗ് അംഗം ഡോ വി കെ പോള്‍ പറഞ്ഞു. ടിപിആര്‍ 10ന് മുകളിലുള്ള ജില്ലകള്‍ക്കായി കേന്ദ്രം പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കി.
കേന്ദ്ര ആരോഗ്യമന്ത്രാലയം സമര്‍പ്പിച്ച മാര്‍ഗരേഖ പ്രകാരം ടിപിആര്‍ ഉയര്‍ന്ന ജില്ലകളിലെ ആശുപത്രികളില്‍ 60 ശതമാനത്തിലധികം കിടക്കകളില്‍ രോഗികളുണ്ടെങ്കില്‍ രണ്ടാഴ്ച കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ട്. തീവ്രവ്യാപനമുള്ള ജില്ലകളില്‍ മൈക്രോ ക്ലസ്റ്ററുകളും മൈക്രോ കണ്ടെയിന്മെന്റും ഏര്‍പ്പെടുത്തണം. ജില്ലാ അധികൃതരെ സഹായിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക ഓഫീസറെ ചുമതലപ്പെടുത്തണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.
അതേസമയം രാജ്യത്ത് വാക്സിനേഷന് പുതിയ റെക്കോര്‍ഡില്‍ എത്തിയതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. രാജ്യത്ത് വാക്സിനേഷന് ധൃതഗതിയിലാണ് മുന്നേറുന്നത്. ഇന്ത്യയില്‍ ഇതുവരെ 34 കോടി ആളുകള്‍ക്ക് വാക്സിന് നല്‍കിക്കഴിഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വാക്സിന് വിതരണമാണ് നിലവില്‍ ഇന്ത്യയില്‍ നടക്കുന്നത്.
അമേരിക്കയില്‍ ഇതുവരെ 32.8 കോടി ആളുകള്‍ക്കാണ് വാക്സിന് വിതരണം ചെയ്തിരിക്കുന്നത്. യുകെയില്‍ ഇത് 7.79 കോടിയാണ് എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.