കൊച്ചി: ദൈവജനത്തിന്റെ ക്ഷേമത്തിനും കൂട്ടായ്മയ്ക്കും വേണ്ടി അൽമായസഭാ പ്രസ്ഥാനങ്ങൾ നിലകൊള്ളണമെന്ന് കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട്. കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ നേതൃതല ഓൺലൈൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മാർ കല്ലറങ്ങാട്ട്.
മുത്തശ്ശീ മുത്തശ്ശന്മാർക്കും മറ്റു വയോധികർക്കുമായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച ആഗോള ദിനാചരണം ജൂലൈ 25ന് സീറോമലബാർ സഭയിൽ ആഘോഷിക്കാൻ തീരുമാനിച്ചു. പ്രായമായവരുടെ ജീവിതത്തിൽ സജീവസാന്നിധ്യമായി മാറാൻ പേരക്കുട്ടികളും ചെറുപ്പക്കാരും വിളിക്കപ്പെട്ടിരിക്കുന്നതുപോലെതന്നെ പ്രാർത്ഥന, ജീവിതസാക്ഷ്യം, സുവിശേഷവത്ക്കരണം എന്നിവയിലൂടെ ചെറുപ്പക്കാരുടെ വിശ്വാസപോഷണത്തിനായി പ്രായമായവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാർ കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
1971 മുതൽ ഇന്ത്യയിൽ നിലവിലുള്ള എംടിപി (മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി) ആക്ടിന്റെ അൻപതാം വാർഷികം ഓഗസ്റ്റ് 10ന് മനുഷ്യ ജീവനെ പ്രോത്സാഹിപ്പിക്കുന്നതിന് ക്രിസ്തീയ പ്രതികരണത്തോടെ ഇന്ത്യൻ ചരിത്രത്തിലെ കറുത്ത ദിനമായി സഭയിൽ ആചരിക്കാൻ മാർ കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു. സഭാ ചരിത്രത്തിൽ മൺമറഞ്ഞുപോയ അൽമായ നേതാക്കളുടെ പ്രവർത്തനങ്ങൾ പഠിക്കുവാനും അവരെ സ്മരിക്കുവാനും ഇന്നത്തെ വിശ്വാസികൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് മാർ കല്ലറങ്ങാട്ട് ഓർമ്മിപ്പിച്ചു.
അൽമായ ഫോറങ്ങളുടെ പുതിയ പ്രവർത്തനരേഖ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി അവതരിപ്പിച്ചു. കമ്മീഷൻ മെമ്പർമാരായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസ് പുളിക്കൽ, കമ്മീഷൻ സെക്രട്ടറി റവ. ഫാ. ആൻറണി മൂലയിൽ, വി.സി.സെബാസ്റ്റ്യൻ, ബിജു പറയന്നിലം, സാബു ജോസ്, വിവിധ സംഘടനകളുടെ സഭാതല ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.