തിരുവനന്തപുരം: വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച സംസ്ഥാനത്തെ മുഴുവൻ കടകളും അടച്ചിട്ട് പ്രതിഷേധിക്കും. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ വ്യാഴാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിടുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
കൊറോണ മാനദണ്ഡങ്ങളുടെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. നിരവധി തവണ ഇത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹാരമുണ്ടാവുന്നില്ല. ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും.
ടിപിആർ നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന നിലപാട് വ്യാപാരികൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തുടർച്ചയായ വർഷങ്ങളിൽ പ്രളയവും കൊറോണയും വന്നത് മൂലം കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി സീസൺ കച്ചവടങ്ങൾ നഷ്ട്ടപ്പെട്ട് വ്യാപാരികൾ വലിയ പ്രതിസന്ധിയിലാണ്.