മെട്രോ വീണ്ടും ഓടിത്തുടങ്ങിയപ്പോള്‍ യാത്ര ചെയ്തത് 6000ല്‍ അധികം പേര്‍

കൊച്ചി: കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി മെട്രോ റെയില്‍ പുനരാരംഭിച്ചപ്പോള്‍ 6000 ല്‍ അധികം പേര്‍ യാത്ര ചെയ്തതായി കെഎംആര്‍എല്‍. 53 ദിവസത്തിന് ശേഷം ഇന്നലെയാണ് കൊച്ചി മെട്രോ സര്‍വ്വീസ് വീണ്ടും ആരംഭിച്ചത്.

രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വ്വീസ് നടത്തുന്നത്. കൊറോണ പടരുന്ന സാഹചര്യം തടയാനായി നേരിട്ടുള്ള ടിക്കറ്റ് വിതരണത്തിന് പകരം സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിക്കുന്ന സമയങ്ങളില്‍ 10 മിനിറ്റ് ഇടവേളകളിലും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ 15 മിനിറ്റ് ഇടവേളയിലും ആകും സര്‍വ്വീസ് ഉണ്ടായിരിക്കുന്നത്.

കൊറോണയെ തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തിവച്ച സമയങ്ങളിലെ ട്രിപ് പാസുകളുടെ പണം ഉടന്‍ മടക്കി നല്‍കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് തടസ്സരഹിതമായി യാത്രചെയ്യുന്നതിന് പ്രത്യേക ബസ് സര്‍വ്വീസും ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്നും ആരംഭിച്ചിട്ടുണ്ട്. രാവിലെ 7.50 ന് വിമാനത്താവളത്തില്‍ നിന്ന് ആലുവയിലേക്ക് ബസ് സര്‍വ്വീസ് നടത്തുമ്പോള്‍ ആലുവയില്‍ നിന്ന് 8.30ന് വിമാനത്താവളത്തിലേക്കും സര്‍വ്വീസ് ഉണ്ടായിരിക്കും.