തിരുവല്ല: ട്രാവന്‍കൂര്‍ ഷുഗേഴ്സിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ് മറിച്ചു വിറ്റ തട്ടിപ്പ് നടത്തിയ കേസ് പൊലീസ് അന്വേഷിക്കും. ജനറല്‍ മാനേജരടക്കം ഏഴ് പേരാണ് പ്രതികൾ. സ്പിരിറ്റ് എത്തിച്ച ടാങ്കര്‍ ഡ്രൈവര്‍മാരുടെയും പ്ലാന്റ് ജീവനക്കാരന്റെയും അറസ്റ്റ് രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് മധ്യപ്രദേശില്‍ നിന്ന് കൊണ്ടുവന്ന സ്പിരിറ്റില്‍ 20000 ലിറ്ററിലധികം മറിച്ചു വിറ്റെന്ന് കഴിഞ്ഞ ദിവസം എക്സൈസ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു.
തട്ടിപ്പിലൂടെ 12 ലക്ഷത്തിന്റെ നഷ്ടം ഉണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എറണാകുളത്തെ വിതരണ കമ്പനിയുടെ നന്ദകുമാര്‍, സിജു തോമസ് എന്നീ ടാങ്കര്‍ ഡ്രൈവര്‍മാരും ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ സ്പിരിറ്റ് കണക്ക് സൂക്ഷിക്കുന്ന ജീവനക്കാരന് അരുണ്‍ കുമാറുമാണ് അറസ്റ്റിലായത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് കൈമാറിയ പ്രതികളെ പുളിക്കീഴ് പൊലീസിന് ചോദ്യം ചെയ്യുകയാണ്. മൂന്ന് പേരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിലെ ജനറല്‍ മാനേജര്‍ അലക്സ് പി എബ്രഹാം, പേഴ്ണല്‍ മാനേജര്‍ ഷാഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘാ മുരളി എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
ഏഴ് പേരാണ് നിലവില്‍ പ്രതിപ്പട്ടികയിലുള്ളത്.20,386 ലിറ്റര്‍ സ്പിരിറ്റ് മധ്യപ്രദേശിലെ സേന്തുവയില്‍ വച്ച് 98 ബാരലുകളിലേക്ക് മാറ്റിയാണ് വിറ്റത്. ഇങ്ങനെ ലഭിച്ച 10, 28,000 രൂപ ടാങ്കറില്‍ നിന്ന് എക്സൈസ് കണ്ടെടുത്തിരുന്നു. സ്പിരിറ്റ് ചോര്‍ത്തി വില്ക്കാന് സഹായിച്ചത് മധ്യപ്രദേശ് സ്വദേശി അബു ആണ്.
മുമ്പും ഇത്തരത്തില്‍ സ്പിരിറ്റ് വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതടക്കം വിശദമായ പരിശോധനയ്ക്ക് എക്സൈസ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്നും മന്ത്രി വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥരടക്കം ഉള്ളവര്‍ക്ക് സ്പിരിറ്റ് വെട്ടിപ്പ് അറിവുണ്ടെന്നാണ് ജീവനക്കാരന് അരുണ്‍ കുമാറിന്റെ മൊഴി.