തിരുവനന്തപുരം: കടയ്ക്കാവൂർ പോക്‌സോ കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ അമ്മ. കടയ്ക്കാവൂർ പൊലീസ് തന്നോട് മോശമായി പെരുമാറിയെന്നും, മൂന്നാമത്തെ കുട്ടിയെ പിതാവിന് വിട്ടുനൽകിയാൽ കേസ് പിൻവലിക്കാമെന്ന് എസ് ഐ പറഞ്ഞുവെന്നും ആരോപണ വിധേയ കുറ്റപ്പെടുത്തി.
അന്വേഷണ റിപ്പോർട്ട് മകനെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ടുള്ളതാണ്. പിതാവിന്റെ പ്രേരണയെക്കുറിച്ച് പറയുന്നില്ല. കൂടുതൽ കേസുകൾ ചുമത്തുമെന്ന് ഇപ്പോഴും അവർ ഭീഷണിപ്പെടുത്തുകയാണെന്നും യുവതി പറഞ്ഞു.
അതേസമയം കുട്ടിയുടെ മൊഴിയല്ലാതെ അമ്മയ്‌ക്കെതിരെ മറ്റൊരു തെളിവുമില്ലെന്നും, കേസ് അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി അന്വേഷണ സംഘം പോക്‌സോ കോടതിയിൽ റിപ്പോർട്ട് നൽകി. സാക്ഷി മൊഴികളിലും മെഡിക്കൽ റിപ്പാേർട്ടിലും പീഡനം നടന്നതിന് തെളിവില്ല. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കുറ്റകൃത്യം നടന്നെന്ന് പറയാനാകില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.