ഇഡി കേന്ദ്ര സര്‍ക്കാരിനു കീഴിലെ ഒരു വകുപ്പു മാത്രം; ഇഡിക്കെതിരേ അന്വേഷണത്തിന് അധികാരമുണ്ടെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരേ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഒരു വകുപ്പു മാത്രമാണ് ഇഡി. അതിനാൽ സ്വര്‍ണക്കടത്തു കേസിലെ ജുഡീഷ്യല്‍ അന്വേഷണം തടയണമെന്ന ഇഡിയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനത്തിനെതിരെ ഇഡി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാരിന്റെ വാദം. കേസില്‍ മുഖ്യമന്ത്രിയെ കക്ഷിയാക്കിയത് തെറ്റാണെന്ന് സര്‍ക്കാര്‍ വാദിച്ചു. കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ജുഡീഷ്യല്‍ അന്വേഷണത്തിന് അധികാരമില്ലെന്ന് ഇഡി കോടതിയില്‍ പറഞ്ഞു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇഡിക്കായി ഹാജരായത്. കേന്ദ്ര ഏജന്‍സിക്കെതിരേ സംസ്ഥാന സര്‍ക്കാരിന് പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കണം. നേരത്തെ സമാനമായ ക്രൈംബ്രാഞ്ച് അന്വേഷണം കോടതി തടഞ്ഞതാണെന്നും ഇഡി കോടതിയില്‍ ചൂണ്ടിക്കാട്ടി.