കൊറോണ ഭേദമായി ആഴ്ചകൾ കഴിഞ്ഞും ശരീരത്തിൽ വൈറസ്‌ ; അണുബാധ നീണ്ടു നിൽക്കുമെന്ന് പഠനം.

ബെയ്ജിംഗ്: കൊറോണ വൈറസ്‌ ബാധ ഭേദമാകുന്നവരുടെ ശരീരത്തിൽ നിന്നും ആഴ്ചകൾ കഴിഞ്ഞും വൈറസ്‌ പൂർണമായി പുറത്തുപോകുന്നില്ലന്നു ചൈനീസ് ഡോക്ടർമാർ. വൈറസിന് മനുഷ്യരുടെ മറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച് കണ്ണുകളില്‍ കൂടുതല്‍ കാലം നിലനില്‍ക്കാനുള്ള ശേഷിയുള്ളതായി കണ്ടെത്തിയെന്നാണാണ് ഇവർ പറയുന്നത്.

വൈറസ് ബാധിച്ച ഒരു ചൈനീസ് സത്രീയുടെ മൂക്കില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയെങ്കിലും കണ്ണുകളില്‍ വൈറസിനെ കണ്ടെത്തിയിരുന്നു.

ജനുവരി 27 നാണ് 65കാരിയായ സ്ത്രീയ്ക്ക് വൈറസ് ബാധയുടെ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. തുടർന്ന് ഇവർക്ക് ചുമയും കടുത്ത പനിയും കണ്ണിന് അണുബാധയും അനുഭവപ്പെട്ടു. 20 ദിവസത്തെ ആശുപ്രതി വാസത്തിന് ശേഷം സ്ത്രീയുടെ കണ്ണിലെ അണുബാധ മാറിയെങ്കിലും തൊട്ടടുത്ത ദിവസം വീണ്ടും അവരുടെ കണ്ണില്‍ വൈറസ് ബാധ കാണാനിടയായി. അതിന് ശേഷം മൂക്ക്,കണ്ണ് എന്നിവിടങ്ങളില്‍ നിന്നും വൈറസ് അപ്രത്യക്ഷമായി. എന്നാല്‍ 27 ദിവസത്തിന് ശേഷം വീണ്ടും സ്ത്രീയുടെ കണ്ണില്‍ വൈറസ് ബാധിച്ചതായി കണ്ടെത്തുകയായിരുന്നു. ഇവർക്ക് പൂർണമായും രോഗം മാറിയതിനു ശേഷമാണ് വീണ്ടും കണ്ണിൽ നിന്നും വൈറസിനെ കണ്ടെത്താൻ ആയത്.

പരിശോധനയില്‍ വൈറസിന്റെ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഒരാളുടെ ശരീരത്തില്‍ അണുബാധയുണ്ടായേക്കാമെന്നാണ് ഇവർ പറയുന്നത്. രോഗികൾ ആരോഗ്യവാന്മാരാണെന്ന് തോന്നുമ്പോഴും അണുബാധ സാധ്യത നിലനിൽക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.