കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം; ആറുമാസത്തിനകം മാർഗരേഖ തയ്യാറാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡെൽഹി: കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് സുപ്രീംകോടതി. ഇതിനുവേണ്ടി ആറുമാസത്തിനകം മാർഗരേഖ തയ്യാറാക്കാൻ കേന്ദ്രത്തിന് കോടതി നിർദേശം നൽകി. എത്ര തുകയെന്നതിൽ കേന്ദ്രത്തിന് തീരുമാനമെടുക്കാം. ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് പണമായി സഹായം നൽകാൻ ആവില്ലെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. മരണ സർട്ടിഫിക്കിറ്റിനുള്ള മാർഗനിർദേശങ്ങൾ ലളിതമാക്കണമെന്നും കോടതി നിർദേശം നൽകി.

ദേശീയ ദുരന്ത നിവാരണ അതോറിട്ടി ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നും കേസ് പരിഗണിക്കുന്ന വേളയിൽ സുപ്രീംകോടതി കുറ്റപ്പെടുത്തി. ധനസഹായം നൽകേണ്ടത് സർക്കാരിൻറെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി.