കൊച്ചി: ലക്ഷദ്വീപില്‍ തീരത്തോട് ചേര്‍ന്നുള്ള വീടുകള്‍ പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ വീടുകള്‍ പൊളിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
വീടുകള്‍ പൊളിക്കുന്നതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 1965 ലെ ലക്ഷദ്വീപ് ഭൂവിനിയോഗ ചട്ടം ലംഘിച്ചുവെന്ന പേരിലാണ് വീടുകള്‍ പൊളിച്ചു നീക്കം ചെയ്യുമെന്ന് അറിയിച്ച് ഉടമകള്‍ക്ക് ഭരണകൂടത്തിന്റെ നോട്ടീസ് ലഭിച്ചത്.
എന്നാല്‍ ചട്ട ലംഘനത്തിന്റെ പേരിലുള്ള നോട്ടീസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഭൂവിനിയോഗ ചട്ടം നിലവില്‍ വരും മുന്‍പ് നിര്‍മ്മിച്ച വീടുകളാണ് ഇവയെന്നും ഹര്‍ജിക്കാര്‍ ചൂണ്ടികാട്ടി. ഈ വാദം അംഗീകരിച്ചാണ് കോടതി സ്‌റ്റേ നല്‍കിയത്. ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കാനും ലക്ഷദ്വീപ് ഭരണകൂടത്തോട് കോടതി നിര്‍ദ്ദേശിച്ചു.
2016ല്‍ വിഭാവനം ചെയ്ത ഇന്റഗ്രേറ്റഡ് ഐലന്‍ഡ് മാനേജ്മന്റ് പ്ലാന്‍ പ്രകാരമുള്ള നിര്‍മിതികള്‍ മാത്രമേ അനുവദിക്കൂവെന്നായിരുന്നു ഭരണകൂടത്തിന്റെ നിലപാട്. ഇത് പ്രകാരം കടല്‍ത്തീരത്തുനിന്ന് 20മീറ്റര്‍ പരിധിയിലെ കെട്ടിടങ്ങളും വീടുകളും ഏഴ് ദിവസത്തിനുള്ളില്‍ പൊളിച്ച് നീക്കണമെന്നും ഇല്ലെങ്കില്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കുമെന്നായിരുന്നു നോട്ടീസ്.
നോട്ടീസ് ലഭിച്ചവര്‍ ബുധനാഴ്ചക്കകം രേഖകള്‍ സഹിതം വിശദീകരണം നല്‍കാനും അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദേശം നല്‍കിയിരുന്നു. കവരത്തിയിലെ വീടുകളുള്‍പ്പെടെ 102 കെട്ടിടങ്ങള്‍ക്കാണ് ആദ്യം നോട്ടീസ് നല്‍കിയത്. പിന്നീട് 52 വീടുകള്‍ക്കുകൂടി നോട്ടീസ് നല്‍കി.