നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ ഇന്ത്യ യുഎഇയ്ക്ക് നോട്ടിസ് നൽകി

ന്യൂഡെൽഹി: നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ ഇന്ത്യ, യുഎഇയ്ക്ക് നോട്ടിസ് നൽകി. കോൺസുലേറ്റിലെ മുൻ ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കാനുള്ള കസ്റ്റംസ് നീക്കത്തിൻ്റെ ഭാഗമായാണ് യുഎഇ എംബസിക്ക് വിദേശകാര്യമന്ത്രാലയം നോട്ടിസ് നൽകിയത്. നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥർക്കെതിരെ ഗൗരവമേറിയ കേസിൽ ഇത്തരമൊരു നീക്കം ആദ്യമായാണ്. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പെൻഡ്രൈവിൽ നൽകി. യുഎഇയുടെ മറുപടി കേസിൻറെ മുന്നോട്ടുപോക്കിലും ഉഭയകക്ഷി ബന്ധത്തിലും നിർണായകമാകും.

യുഎഇ കോൺസുലേറ്റിലെ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിക്കും ചാർജ് ഡെ അഫയേഴ്സ് റാഷിദ് ഖമീസിനും വേണ്ടിയാണ് നോട്ടിസ് നൽകിയിട്ടുള്ളത്. ഇരുവരും ഗൾഫിലേക്ക് മടങ്ങിയിരുന്നു. 1962 കസ്റ്റംസ് ആക്‌ട് സെക്‌ഷൻ 124 പ്രകാരം നമ്പർ 29/2021 നോട്ടിസ് വിദേശകാര്യമന്ത്രാലയം യുഎഇ എംബസിക്ക് വെള്ളിയാഴ്ചയാണ് കൈമാറിയത്. അൽസാബിയുമായും റാഷിദ് ഖമീസുമായും ബന്ധപ്പെട്ടശേഷം മറുപടി നൽകാനും അഭ്യർഥിച്ചിട്ടുണ്ട്.

വിയന്ന കൺവെൻഷൻ പ്രകാരമുള്ള നയതന്ത്ര പരിരക്ഷ ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്തതായും ഔദ്യോഗിക ചുമതലകൾക്ക് അപ്പുറം സാമ്പത്തിക ഇടപാടുകളിൽ പങ്കാളികളായതായുമുള്ള കസ്റ്റംസിൻറെ കണ്ടെത്തൽ യുഎഇയ്ക്ക് കൈമാറിയിട്ടുണ്ട്. സ്വന്തം പൗരന്മാരെ ഇന്ത്യയിലെ നിയമ നടപടിക്ക് വിട്ടുനൽകാൻ യുഎഇ തയാറാകുമോയെന്നത് നിർണായകമാണ്.

വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ സംസ്ഥാന സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷാ ഭീഷണിയില്ലാതിരുന്നിട്ടും വിദേശകാര്യമന്ത്രാലയത്തിൻറെ അനുമതി തേടാതെ കോൺസൽ ജനറലിന് സംസ്ഥാന സർക്കാർ എക്സ് കാറ്റഗറി സുരക്ഷ നൽകി. 2019 നവംബറിനും 2020 മാർച്ച്‌ നാലിനും ഇടയിൽ നടന്ന 18 നയതന്ത്ര കള്ളക്കടത്തുകൾക്ക്, ഓരോന്നിനും 1000 യുഎസ് ഡോളർ വീതം അൽസാബിക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ടെന്നുമാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ.