തില്ലങ്കേരിയിലെ സർക്കാർ സ്കൂളിൽ ബോംബുകൾ ഒളിപ്പിച്ച നിലയിൽ

കണ്ണൂർ : തില്ലങ്കേരിയിലെ സർക്കാർ സ്കൂളിൽ ബോംബുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി . വാഴക്കാല്‍ ഗവ യു പി സ്‌കൂള്‍ വളപ്പിൽ നിന്നാണ് പ്ലാസ്റ്റിക് പെയിന്‍റ്​ ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ നാല്​ ബോംബുകള്‍ കണ്ടെത്തിയത് . ബോംബ്​ സ്‌ക്വാഡ് എസ് ഐ അജിത്തിന്റെ നേതൃത്വത്തില്‍ ഇവ കസ്റ്റഡിയിലെടുത്ത് നിര്‍വീര്യമാക്കി.

ഇന്നലെ വൈകിട്ട് നാലോടെ അധ്യാപകര്‍ സ്​കൂൾ വളപ്പിലെ വാഴക്കുല വെട്ടുന്നതിനിടയിലാണ് വാഴകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ബക്കറ്റ് കണ്ടത്. തുറന്ന് നോക്കിയപ്പോൾ ബോംബ്​ കാണുകയായിരുന്നു. മുഴക്കുന്ന് പോലീസിനെ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ എസ്​.ഐ പി റഹീമിന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.

ബോംബ് സ്‌ക്വാഡിനെയും വിവരം അറിയിച്ചു . ആദ്യം ഒരു ബോംബ് മാത്രമായിരുന്നു ബക്കറ്റിനുള്ളില്‍ കാണാന്‍ കഴിഞ്ഞത്. കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡും മുഴക്കുന്ന് സിഐ എംകെ സുരേഷും സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ബക്കറ്റിനുള്ളില്‍ മൂന്ന് ബോംബുകള്‍ കൂടി കണ്ടെത്തിയത്.

പ്ലാസ്റ്റിക്​ ബോളിൽ നിർമിച്ച്​ ഇന്‍സുലേഷന്‍ ചെയ്ത മഞ്ഞയും നീലയും നിറങ്ങളിലുള്ള ബോംബ്​ പേപ്പറിനുള്ളില്‍ പൊതിഞ്ഞനിലയിലായിരുന്നു. ആളൊഴിഞ്ഞ ക്വാറിയില്‍വെച്ച്​ ഇവ നിര്‍വീര്യമാക്കി.

കഴിഞ്ഞ മാസം ബോളാണെന്ന് കരുതി ബോംബ് തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് തില്ലങ്കേരി പടിക്കച്ചാലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയിലാണ് തില്ലങ്കേരിയില്‍ തന്നെ സ്‌കൂള്‍ വളപ്പിൽ ബോംബുകള്‍ കണ്ടെത്തിയത്.