ആലപ്പുഴ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കുട്ടികളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. ഛർദിയും വയറിളക്കവും മറ്റ് ലക്ഷണങ്ങളുമായി നിരവധി കുട്ടികൾ ചികിത്സ തേടി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചിലയിടങ്ങളിൽ നിന്നും സമാനലക്ഷങ്ങളോടെ കുട്ടികൾ ചികിത്സ തേടിയിരുന്നു. ഞായറാഴ്ചയോടെ ചികിത്സ തേടിയവർ വർധിക്കുകയായിരുന്നു.
നഗരത്തിലെ സക്കറിയാ ബസാർ, കാഞ്ഞിരംചിറ, വട്ടപ്പള്ളി, ലജ്ജ്‌നത്ത്, സീവ്യൂ തുടങ്ങിയ വാർഡുകളിലാണ് പ്രധാനമായും ഭക്ഷ്യവിഷബാധ സംശയിക്കുന്നത്. ആര്യാട് പഞ്ചായത്തിലും കൂടുതലാണ്. ചിക്കൻ, മുട്ട, വെള്ളം എന്നിവയിൽ കൂടെയാണ് രോഗം പകർന്നതെന്നാണ് സംശയം.
ഒരാഴ്ചയായി ദിവസേന 20ൽ ഏറെ രോഗികളാണ് കടപ്പുറം ആശുപത്രിയിൽ ചികിത്സ തേടുന്നത്. ഇതിനെ തുടർന്ന് പലയിടങ്ങളിലും ശുദ്ധജലം പരിശോധിക്കാൻ നഗരസഭ നിർദേശം നൽകിയിട്ടുണ്ട്.