കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവുമായി പിടിയിലായ മുഹമ്മദ് ഷഫീഖിനെ നിയന്ത്രിച്ചത് അർജുൻ ആയങ്കിയാണെന്ന് കസ്റ്റംസ് റിപ്പോർട്ട്. ഷഫീഖിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അർജുൻ്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് കസ്റ്റംസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. തന്നെ സഹായിച്ചവരായി സലീം, ജലീൽ, മുഹമ്മദ്, അർജുൻ എന്നിവരുടെ പേരുകളാണ് ഷഫീഖ് പറഞ്ഞിട്ടുള്ളത്.
സലീമാണ് സ്വർണക്കടത്തുമായി ബന്ധപ്പെടുത്തിയത്. ജലീലും പേരറിയാത്ത മറ്റൊരാളുമാണ് വിദേശത്തുനിന്ന് സ്വർണം നൽകിയത്. സ്വർണവുമായി എയർപോർട്ടിൽ എത്തിയാൽ എന്തുചെയ്യണമെന്ന് ഷഫീഖിന് അർജുൻ നിർദേശം നൽകിയിരുന്നു. അർജുനും ഷഫീഖും തമ്മിൽ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. ഇതിൻ്റെ വിശദാംശങ്ങൾ കസ്റ്റംസ് ശേഖരിക്കുകയാണ്.
അർജുനും ഷഫീഖും തമ്മിലുള്ള ഫോൺ കാൾ രേഖകളിൽനിന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. വിദേശത്തുനിന്ന് സ്വർണം കൊണ്ടുവരൽ, നാട്ടിലെത്തിയാൽ എന്തുചെയ്യണം തുടങ്ങിയ കാര്യങ്ങൾ ഫോണിൽ അർജുൻ ഷഫീഖുമായി സംസാരിച്ചിട്ടുണ്ട്. എയർപോർട്ടിൽ എത്തിയാൽ ഷർട്ട് മാറ്റി മറ്റൊരു വേഷം ധരിക്കണമെന്ന് അർജുൻ നിർദേശിച്ചിരുന്നു.
ഏഴ് ദിവസമാണ് ഷഫീഖിനെ കസ്റ്റഡിയിൽ വിട്ടത്. അർജുനനെയും ഷഫീഖിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും കസ്റ്റംസിന് പദ്ധതിയുണ്ട്. വലിയൊരു സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. സ്വർണം കടത്താൻ 40,000 രൂപയും വിമാനടിക്കറ്റുമാണ് പ്രതിഫലമായി ഷഫീഖിന് വാഗ്ദാനം ചെയ്തിരുന്നത്.