തിരുവനന്തപുരം: സ്പീക്കർ എം.ബി. രാജേഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ചമഞ്ഞു സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടുന്നതായി പരാതി. സർക്കാർ ജോലി വാഗ്ദാനം ചെയ്തു കോട്ടയത്തും പരിസര പ്രദേശങ്ങളിലും നിരവധി പേരിൽനിന്നും പണം കൈപ്പറ്റുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു സ്പീക്കറുടെ ഓഫിസ്, സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകി.
നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എന്നു പരിചയപ്പെടുത്തി പ്രവീണ്‍ ബാലചന്ദ്രൻ എന്നു പേരുള്ള ആൾ ഇത്തരത്തിൽ തട്ടിപ്പു നടത്തുന്നതായാണു പരാതി ഉയർന്നത്. കോട്ടയം സ്വദേശിനിയായ യുവതി സ്പീക്കറെ ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞതിനെ തുടർന്നാണു വിവരം അറിയുന്നത്.
ഇതേത്തുടർന്ന് തട്ടിപ്പിനെതിരെ സ്പീക്കറുടെ ഓഫിസ് പോലീസിൽ പരാതി നൽകി. തട്ടിപ്പു നടത്തുന്നവരെപ്പറ്റി പൊലീസ് അന്വേഷിക്കുകയാണെന്നും ജാഗ്രത പാലിക്കണമെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു.