കരിപ്പൂർ സ്വർണ്ണക്കടത്തിന് അർജ്ജുൻ ആയങ്കി ഉപയോഗിച്ച കാർ കണ്ടെത്തി; നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിൽ

കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗമായ അർജ്ജുൻ ആയങ്കി കരിപ്പൂർ സ്വർണ്ണക്കടത്തിന് ഉപയോഗിച്ച കാറ് കണ്ടെത്തി. പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുളപ്പുറത്ത് ആളൊഴിഞ്ഞ പ്രദേശത്താണ് ചുവന്ന സ്വിഫ്റ്റ് കാർ കണ്ടെത്തിയത്. നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലുള്ള വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ദിവസങ്ങൾക്ക് മുമ്പ് അഴീക്കൽ ഉരു നിർമാണ ശാലക്ക് സമീപം ഒളിപ്പിച്ച നിലയിൽ കാർ കണ്ടെത്തിയിരുന്നുവെങ്കിലും പൊലീസും കസ്റ്റംസ് സംഘവും സ്ഥലത്ത് എത്തുന്നതിന് മുമ്പ് കാർ അവിടെ നിന്നും മാറ്റുകയായിരുന്നു. അർജുന്റെ കൂട്ടാളികളാണ് അഴീക്കോട് നിന്നും കാറ് കടത്തിക്കൊണ്ട് പോയത്.

രാമനാട്ടുകര സ്വർണ്ണക്കടത്ത് സംഘത്തിന്റെ അപകട സമയത്ത് ഈ കാർ കരിപ്പൂരിൽ ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. ഇതോടെയാണ് അന്വേഷണം അർജുൻ ആയങ്കിയിലേക്കും തിരിഞ്ഞത്. അതിനിടെ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കിക്ക് കാറ് എടുത്തു നൽകിയ സിപിഎം അംഗം സജേഷിനെ പാർട്ടി ഒരു കൊല്ലത്തേക്ക് പുറത്താക്കി.

സ്വർണ്ണം കടത്താൻ അർജുൻ ആയങ്കി കരിപ്പൂരേക്ക് കൊണ്ടുപോയ ഈ കാറ് സിപിഎം അംഗം സജേഷിന്റെതാണെന്നത് പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി. ജില്ലാ സെക്രട്ടറിയേറ്റിന്റെ നിർദ്ദേശ പ്രകാരം ചെമ്പിലോട് ലോക്കൽ കമ്മറ്റിയാണ് സജേഷിനെ ഒരു വർഷത്തേക്ക് സസ്പെന്റ് ചെയതത്. ഡിവൈഎഫ്ഐയും സജേഷിനെതിരെ നടപടിയെടുത്തിട്ടുണ്ട്.